സംസ്ഥാനത്തെ നടുക്കിയ ഉരുൾപൊട്ടലിൽ വയനാടിനൊപ്പം ഉള്ളുലഞ്ഞ് നിൽക്കുകയാണ് കേരളം മുഴുവൻ. അവശ്യസാധനങ്ങടക്കം പല വിധത്തിലുള്ള സഹായവുമായി ലോകത്തിന്റെ വിവിധ കോണിലുള്ളവരാണ് ദുരന്തമുഖത്തേയ്‌ക്ക് ഓടിയെത്തുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം വയനാട്ടിലെ ദുരിതബാധിതർക്ക് ഭക്ഷണത്തിന്റെ രൂപത്തിൽ സഹായഹസ്തം നൽകിയിരിക്കുകയാണ് ഷെഫ് പിള്ള.
രാപ്പകൽ വ്യത്യാസമില്ലാതെ 8000- പേർക്കാണ് ഇതുവരെ ഭക്ഷണം എത്തിച്ചു നൽകിയത്. ലാഭനഷ്ടങ്ങളുടെ കണക്ക് നോക്കാതെ തനിക്ക് ചെയ്യാൻ കഴിയുന്ന സഹായമാണ് ദുരന്തമേഖലയിലേക്ക് എത്തിക്കുന്നത്. സുൽത്താൻബത്തേരിയിലെ സഞ്ചാരി റസ്റ്റോറന്റിലൂടെ ഇനിയുള്ള ദിവസങ്ങളിൽ ദുരിതബാധിതർക്കും രക്ഷാപ്രവർത്തകരുമുൾപ്പെടെ 25000 പേർക്ക് ഭക്ഷണമെത്തിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. ഒരുപാടുപേർ വിളിച്ച് പണം വേണോ എന്ന് അന്വേഷിക്കുന്നുണ്ട്. ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ടോളിൻസ് ഗ്രൂപ്പ് നൽകിയ 2,000 കിലോ അരിയും നമ്പീശൻസ് ഗ്രൂപ്പ് 2,000 കിലോ നെയ്യും കെഎൽഎഫ് കോക്കോനാട് എത്തിച്ച 200 കിലോ വെളിച്ചെണ്ണയുമാണ് ഭക്ഷണമുണ്ടാക്കാനായി സഞ്ചാരിയിലെത്തിച്ചത്. 30,000 ഫുഡ് കണ്ടെയ്‌നറും 25,000 പേർക്ക് ഭക്ഷണമൊരുക്കാനായി സഞ്ചാരിയിലെത്തിയിട്ടുണ്ടെന്ന് ഷെഫ് പിള്ള പറഞ്ഞു. റസ്റ്റോറന്റിന്റെ സഹ ഉടമ അനീഷ് നാരായണനും ജനറൽ മാനേജർ നോബിയും ഷെഫ് ശ്രീകാന്തും ചേർന്നാണ് എത്തിക്കുന്നതിനുള്ള ചുമതലകൾ ഏറ്റെടുത്തിയിരിക്കുന്നത്. കൂടാതെ എല്ലാ സഹായത്തിനും മറ്റു സഹപ്രവർത്തകരും ഒപ്പമുണ്ടെന്നും ഷെഫ് പിള്ള കൂട്ടിച്ചേർത്തു.
സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ പങ്കുവച്ചതിന് പിന്നാലെ മാർക്കറ്റിംഗ് ആണെന്ന് വിമർശിച്ച് ആളുകൾ രംഗത്തെത്തിയിരുന്നു. ഇതിന് ഷെഫ് പിള്ള നൽകിയ മറുപടിയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ‘ഇതുവച്ച് മാർക്കറ്റ് ചെയ്യാനാണെങ്കിൽ നിങ്ങൾ ചിന്തിക്കുന്നതിനെല്ലാം അപ്പുറം നൂറു തരത്തിൽ മാർക്കറ്റ് ചെയ്യാനറിയാം..! നാളെ ഇതുപോലൊരു ദുരന്തം മറ്റൊരു സ്ഥലത്തുണ്ടായാൽ ഞങ്ങൾ ഇവിടെ ചെയ്യുന്ന മാതൃകയാക്കി നൂറുകണക്കിനാളുകൾ ഇതിലും നന്നായി ചെയ്യാൻ ശ്രമിക്കും!’ എന്നായിരുന്നു ഷെഫിന്റെ മറുപടി.















