വയനാട്: ഉരുൾപൊട്ടൽ പിഴുതെറിഞ്ഞ മേപ്പാടി നഗരത്തിന്റെ ശുചീകരണ പ്രവർത്തനത്തിൽ കർമനിരതരായി എബിവിപിയും സ്റ്റുഡന്റ്സ് ഫോർ സേവ പ്രർത്തകരും. അമ്പതോളം പ്രവർത്തകരാണ് ആറാം ദിവസവും ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്നത്.|
സേവാഭാരതിയോടൊപ്പം മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനും, രക്ഷാപ്രവർത്തനങ്ങൾക്കും, ശുചീകരണ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് വയനാട്ടിലുള്ളത്. ദുരന്തഭൂമിയിലെ വിദ്യാർത്ഥികൾക്കായി എബിവിപിയുടെ പഠനോപകരണ സമാഹരണവും പുരോഗമിക്കുകയാണ്.
എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗത്തിൽ വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലിയർപ്പിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ ശാസ്ത്രീയ പഠനവും അടിയന്തര നിയമ നിർമ്മാണവും അത്യന്താപേക്ഷിതമാണെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് എബിവിപിയുടെ പിന്തുണയുണ്ടാകുമെന്നും ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈനികരെയും പ്രവർത്തകരെയും ദേശീയ അദ്ധ്യക്ഷൻ ഡോ രാജ് ശരൺ ഷാഹി അഭിനന്ദിച്ചു.