എറണാകുളം: വയനാട് ദുരിതബാധിത പ്രദേശം സൈനിക യൂണിഫോമിൽ സന്ദർശിച്ചെന്ന വിവാദങ്ങളോട് പ്രതികരിച്ച് മേജർ രവി. ആർമി നിയമങ്ങൾ അറിയാത്തവരാണ് പരാതികൾ നൽകുന്നത്. വിരമിച്ചവരും ഇത്തരം സന്ദർഭങ്ങളിൽ മിലിട്ടറി യൂണിഫോം ധരിക്കാറുണ്ട്. വിവാദമുണ്ടാക്കുന്നവർക്ക് യൂണിഫോമല്ല വിഷയം, മറിച്ച് മോഹൻലാലും വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ മേജർ രവിയുമാണ്. ഇത്തരം ആരോപണങ്ങളെ ഗൗരവത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം ജനം ടിവിയോട് പ്രതികരിച്ചു.
അർജുനെ കണ്ടെത്തുന്നതിനായി ഷിരൂരിൽ റിട്ട. മേജർ ഇന്ദ്രബാലൻ എത്തിയതും സൈനിക യൂണിഫോമിലാണ്. ഇതിൽ ആർക്കുമൊരു പ്രശ്‌നവുമില്ല. ഇവിടെ പ്രശ്‌നം മേജർ രവിയാണ്. മോഹൻലാലിനൊപ്പം വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രതിനിധിയായാണ് പോയത്. ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചാൽ ചെയ്യും. – മേജർ രവി പറഞ്ഞു.
2015-ൽ അച്ഛന്റെയും അമ്മയുടെയും പേരിൽ മോഹൻലാൽ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയാണ് വയനാട് പുനരധിവാസത്തിന് നൽകുന്നത്. ഉരുളെടുത്ത മുണ്ടക്കെ യുപി സ്‌കൂൾ പുതുക്കി പണിയുന്നതും വിശ്വാശാന്തി ഫൗണ്ടേഷനാണ്. മോഹൻലാലിനൊപ്പം ദുരിതഭൂമി സന്ദർശിക്കാനെത്തിയ മേജർ രവിക്കെതിരെ പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷമായ സൈബറാക്രമണമാണ് ഉണ്ടാകുന്നത്.















