മുംബൈ: മഹാരാഷ്‌ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വനത്തിൽ മരത്തിൽ ഇരുമ്പ് ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ വിദേശ വനിതയെ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. സ്വയം ചങ്ങലയ്‌ക്കിട്ടതാണെന്നും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും അമേരിക്കൻ യുവതി പൊലീസിനോട് പറഞ്ഞു. സ്ത്രീയുടെ മാനസികാരോഗ്യത്തെ തുടർന്നാണ് ഇവർ
സ്വയം ദ്രോഹിക്കുന്ന പ്രവൃത്തി ചെയ്തതെന്നാണ് പൊലീസുകാർ പറയുന്നത്. ജൂലൈ 27 നാണ് ഇവരെ വനത്തിൽ ഇരുമ്പ് ചങ്ങലയിൽ മരത്തിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പൊലീസെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
സിന്ധുദുർഗ് പൊലീസ് ശനിയാഴ്ച യുവതിയുടെ മൊഴി രേഖപ്പെടുത്തി. മുംബൈയിൽ നിന്ന് 460 കിലോമീറ്റർ അകലെയുള്ള സോനുർലി ഗ്രാമത്തിന് സമീപമുള്ള വനത്തിലെത്തി മരത്തിൽ സ്വയം കെട്ടുകയായിരുന്നു ഇവർ.മൂന്ന് പൂട്ടുകളും ഇരുമ്പ് ചങ്ങലയുമാണ് കൊണ്ടുവന്നത്.യുവതിയെ കണ്ടെത്തിയ സ്ഥലത്തിന് ഏതാനും മീറ്റർ അകലെ ഇരുമ്പ് ചെയിൻ പൂട്ടാൻ ഉപയോഗിച്ച താക്കോൽ പൊലീസ് കണ്ടെടുത്തു. മൊഴിയിൽ, അമേരിക്കൻ യുവതി തനിക്ക് ഭർത്താവില്ലെന്ന് പൊലീസിനോട് പറഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു.
അന്വേഷണത്തിൽ, അമ്മ യുഎസിൽ താമസിക്കുന്നുണ്ടെന്ന് പൊലീസിന് മനസ്സിലായെങ്കിലും ഇതുവരെ കുടുംബത്തിൽ നിന്ന് ആരും അവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, യുവതിയെ രത്‌നഗിരിയിലെ റീജിയണൽ മെൻ്റൽ ഹോസ്പിറ്റലിൽ എത്തിച്ചു, അവിടെ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
ചില സമയങ്ങളിൽ സ്ത്രീക്ക് ഹലൂസിനേഷൻ( ഭ്രമാത്മകത) അനുഭവപ്പെടാറുണ്ടെന്നും അത്തരത്തിലുള്ള ഒരു നിമിഷത്തിൽ തന്റെ മുൻ ഭർത്താവ് തന്നെ മരത്തിൽ കെട്ടിയിരുന്നതായി അവൾ പറഞ്ഞിട്ടുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ഇവരുടെ യുഎസ് പാസ്‌പോർട്ടിന്റെ ഫോട്ടോകോപ്പിയും തമിഴ്‌നാട് വിലാസമുള്ള ആധാർ കാർഡും പൊലീസ് കണ്ടെടുത്തു. ഇവരുടെ പക്കൽ നിന്ന് കാലാവധി കഴിഞ്ഞ വിസയുടെ പകർപ്പും കണ്ടെത്തി.