ധാക്ക: പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് തന്റെ സുരക്ഷയ്ക്കായി രാജ്യം വിട്ട ഷെയ്ഖ് ഹസീനയ്ക്ക് ഇനി രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് മകൻ സജീബ് വസേദ് ജോയ്. ബംഗ്ലാദേശിന്റെ സമ്പദ്വ്യവസ്ഥയെ മാറ്റിമറിച്ചിട്ടും ഒരു ന്യൂനപക്ഷം തനിക്കെതിരെ തിരിഞ്ഞതിൽ ഷെയ്ഖ് ഹസീന വളരെയധികം നിരാശയിലായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഉപദേശകൻ കൂടെയായിരുന്ന സജീബ് വാസെദ് ജോയ് പറഞ്ഞു.
“പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ഞായറാഴ്ച മുതൽ അവർ ആലോചിച്ചിരുന്നു,” ബിബിസിയുടെ ന്യൂസ് അവർ പ്രോഗ്രാമിൽ സംസാരിക്കവെ ജോയ് പറഞ്ഞു. ” അമ്മ ചുമതലയേറ്റ സമയത്ത് ബംഗ്ലാദേശ് ഒരു ദരിദ്ര രാജ്യമായിരുന്നു. എന്നാൽ ഇന്ന് ബംഗ്ലാദേശ്, ഏഷ്യയിലെ തന്നെ വളർന്നു വരുന്ന രാജ്യങ്ങളിലൊന്നാണ്. എന്നിട്ടും തനിക്കെതിരെ ഈ രാജ്യത്തെ ജനങ്ങൾ തിരിഞ്ഞതിൽ അവർ വലിയ നിരാശയിലാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു. സമരക്കാർക്ക് നേരെ ഷെയ്ഖ് ഹസീന സ്വീകരിച്ച നിലപാടിനെക്കുറിച്ചും ജോയ് വിശദീകരിച്ചു. ജനക്കൂട്ടം സാധാരണക്കാരായ ആളുകളെ തല്ലിക്കൊന്നാൽ പിന്നെ പൊലീസ് എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
2009 ൽ ഷെയ്ഖ് ഹസീന അധികാരത്തിൽ വന്നതുമുതൽ ബംഗ്ലാദേശിന്റെ സമ്പദ്വ്യവസ്ഥ പ്രതിവർഷം ശരാശരി 6% വളർച്ച നേടുകയും ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുകയും ചെയ്തു. വസ്ത്ര വ്യവസായവും ഹസീനയുടെ കീഴിൽ വൻ വളർച്ച കൈവരിച്ചു. എന്നിരുന്നാലും അവരുടെ കർശനമായ ഭരണത്തിൽ ആളുകൾക്കുണ്ടായിരുന്ന അതൃപ്തിയാണ് പ്രതിപക്ഷ മുതലെടുപ്പിലൂടെ സംവരണ വിരുദ്ധ പ്രക്ഷോഭത്തിലേക്ക് ഉയർന്നതെന്നും ഷെയ്ഖ് ഹസീനയുടെ പലായനത്തിൽ കലാശിച്ചതെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ. അവാമി ലീഗ് അനുഭാവികളുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയതിനെ തുടർന്ന് ഞായറാഴ്ച മാത്രം 98 പേരാണ് ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത്. 13 പോലീസുകാരും മർദനമേറ്റ് മരിച്ചിരുന്നു.