എറണാകുളം: കേരളത്തിലെ കുരുന്നുകളിൽ നിന്ന് ഒരു പതിറ്റാണ്ടിനകം ഒരു ഡസൻ ഇന്ത്യൻ ഫുട്ബോളർമാരെയും നിരവധി താരങ്ങളെയും വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ചിരിക്കുന്ന കല്ലറയ്ക്കൽ ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കല്ലറയ്ക്കൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഫുട്ബോൾ അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡുകൾ ഓഗസ്റ്റ് 10-ന് വൈകീട്ട് നാലിന് തൃശൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും.
കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, പന്ന്യൻ രവീന്ദ്രൻ, അന്തർദേശീയ ഫുട്ബോൾ താരങ്ങളായ വിക്ടർ മഞ്ഞില, സിവി പാപ്പച്ചൻ, മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എംപി സുരേന്ദ്രൻ, ഫാ. പിടി ജോയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.
ലൈസൻസ്ഡ് ഫുട്ബോൾ പരിശീലകർക്ക് നൽകുന്ന കല്ലറയ്ക്കൽ ഫൗണ്ടേഷൻ കോച്ചിംഗ് എക്സലൻസ് അവാർഡിന് പുരുഷ-വനിതാ വിഭാഗങ്ങളിൽ യഥാക്രമം എബിൻ റോസ് (കോവളം എഫ്സി), ഡോ. പിവി പ്രിയ (ഇന്ത്യൻ കോച്ച്) എന്നിവർ അർഹരായി. 25,000 രൂപയും മൊമന്റോയും അടങ്ങുന്നതാണ് അവാർഡ്.
പെൺകുട്ടികളുടെ ഫുട്ബോൾ പരിശീലനത്തിൽ സവിശേഷശ്രദ്ധയൂന്നുന്ന തോമസ് കാട്ടൂക്കാരന് (മുൻ കേരള പോലീസ് താരം) കല്ലറയ്ക്കൽ ഫൗണ്ടേഷന്റെ 11,111 രൂപയുടെ സ്പെഷ്യൽ അവാർഡ് നൽകും. കല്ലറയ്ക്കൽ ഫൗണ്ടേഷൻ ബെസ്റ്റ് ഫുട്ബോൾ റിപ്പോർട്ടിംഗ് അവാർഡിന് സെബി മാളിയേക്കൽ (സീനിയർ സബ് എഡിറ്റർ, ദീപിക, തൃശൂർ) അർഹനായി. 11,111 രൂപയും മൊമന്റോയും അടങ്ങുന്നതാണ് അവാർഡ്.
അന്തർദേശീയ ഫുട്ബോൾ താരങ്ങളായ സി.സി. ജേക്കബ്, എം.എം. ജേക്കബ്, സന്തോഷ് ട്രോഫി താരം എൻ.കെ. ഇട്ടി മാത്യു, കല്ലറയ്ക്കൽ ഫൗണ്ടേഷൻ ഡയറക്ടർ സ്റ്റീഫൻ ആന്റണി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. എം.പി. സുരേന്ദ്രൻ ചെയർമാനായ ജൂറിയാണ് മാദ്ധ്യമ അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.















