ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കാനായെന്ന് കേന്ദ്ര സർക്കാർ. മേഖലയിൽ 2014-നെ അപേക്ഷിച്ച്, കലാപ സംഭവങ്ങളിൽ 71% കുറവുണ്ടായി. ഭീകരവാദത്തെ ശക്തമായി പ്രതിരോധിക്കാനായെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലമെന്റിനെ അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ജമ്മുകശ്മീരിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ വിഘടനവാദികൾ നിരന്തരം വെല്ലുവിളി ഉയർത്തിയിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് സുരക്ഷയും സമാധാനവും ഉറപ്പാക്കാനായെന്നായിരുന്നു കേന്ദ്രമന്ത്രി അറിയിച്ചത്. 2014-നെ അപേക്ഷിച്ച്, കലാപ സംഭവങ്ങളിൽ 71% കുറവുണ്ടായത് പ്രതിരോധ നടപടികളുടെ വിജയമാണ്. അക്രമത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവഹാനി സംഭവിക്കുന്നതിൽ 60% കുറവ് രേഖപ്പെടുത്തിയെന്നും വിഘടനവാദ പ്രവർത്തനങ്ങൾ അടിച്ചൊതുക്കാനും സമാധാനം ഉറപ്പാക്കാനും കേന്ദ്ര സർക്കാരിന് സാധിച്ചെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലം വ്യക്തമാക്കി.
കലാപങ്ങൾ അടിച്ചൊതുക്കാൻ മുൻ സർക്കാരുകൾ സായുധസേനയ്‌ക്ക് പ്രത്യേക അധികാരം നൽകിയിരുന്ന നിയമങ്ങൾ (AFSPA) ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിൽ പിൻവലിക്കാനായി. അസം, മണിപ്പൂർ സംസ്ഥാങ്ങളിൽ നിന്നും ഇത്തരം നിയമങ്ങൾ ഭാഗികമായി പിൻവലിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീർ വിപ്ലവകരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും നിത്യാനന്ദ് റായ് ചൂണ്ടിക്കാട്ടി. ഭീകരാക്രമണങ്ങൾ ഫലപ്രദമായി പ്രധിരോധിക്കാനായെന്നും ഭാരതത്തിലെ മറ്റേതൊരു ഭൂപ്രദേശവും പോലെ കാശ്മീരും മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവിത നിലവാരവും മാനസിക ആരോഗ്യവും ശക്തമാക്കുന്നതിനുള്ള പ്രത്യേക പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സേനയിൽ ആത്മഹത്യാനിരക്ക് വളരെയധികം കുറഞ്ഞെന്നും ആഭ്യന്തരം മന്ത്രാലയം അറിയിച്ചു.