ഷിംല: ഹിമാചൽപ്രദേശിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മേഘവിസ്‌ഫോടനത്തിൽ ദുരിതബാധിതർക്കായി പ്രധാനമന്ത്രി അനുവദിച്ച ധനസഹായം മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു നൽകുന്നില്ലെന്ന് തുറന്നടിച്ച് എംപി കങ്കണ റണാവത്ത്. മിന്നൽ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി 7 ലക്ഷം രൂപ പ്രധാനമന്ത്രി അനുവദിച്ചിട്ടുണ്ട്. എന്നാൽ അത് ജനങ്ങളിലേക്കെത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കുന്നില്ലെന്നും കങ്കണ വിമർശിച്ചു.
” ഹിമാചൽപ്രദേശിലെ നിലവിലെ സാഹചര്യം സങ്കടകരമാണ്. ഈ അവസ്ഥയിലും സംസ്ഥാന സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ എത്രത്തോളം പരിതാപകരമാണെന്ന് ജനങ്ങൾക്ക് മനസിലാവുന്നുണ്ട്. പ്രളയത്തെ തുടർന്ന് പുരധിവസിപ്പിച്ച ജനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയ 7 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകിയില്ല. സംസ്ഥാന സർക്കാരിന് പ്രദേശത്തെ ജനങ്ങളുടെ മേൽ യാതൊരു കരുണയും കരുതലുമില്ല. എന്നാൽ കേന്ദ്ര സർക്കാർ എന്നും ദുരിത ബാധിതർക്കൊപ്പമുണ്ടാകും.”- കങ്കണ റണാവത്ത് പറഞ്ഞു.
പ്രധാനമന്ത്രി അനുവദിച്ച ധനസഹായം ജനങ്ങൾക്ക് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ദുരിതബാധിതർക്ക് എന്തുകൊണ്ട് ധനസഹായം നൽകുന്നില്ലെന്നതിൽ കൃത്യമായ അന്വേഷണം വേണമെന്നും കങ്കണ ആവശ്യപ്പെട്ടു. പ്രളയ ബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തിയ കങ്കണ ജനങ്ങളെ സാന്ത്വനിപ്പിക്കുകയും അവരുടെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
മേഘവിസ്‌ഫോടനത്തിൽ ഇതുവരെ 13 പേർ മരിച്ചു. 40ലധികം ആളുകളെ കാണാതായിട്ടുള്ളതായാണ് പുറത്തുവരുന്ന വിവരം. ജൂൺ 27ന് ആരംഭിച്ച മഴ ഹിമാചൽപ്രദേശിൽ വൻ നാശനഷ്ടങ്ങളുണ്ടാക്കി. ഓഗസ്റ്റ് 8-ാം തീയതി വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.