ലിബിയ: ഇന്ത്യൻ പൗരന്മാർ ലിബിയയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ലിബിയയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ലിബിയയിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം നിർദേശം നൽകി. ലിബിയയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാണ് മുന്നറിയിപ്പ്.
ലിബിയയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ റോഡ് മുഖേനയുള്ള അന്തർ പ്രവിശ്യ യാത്രകൾ ഒഴിവാക്കണം. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും അധികൃതർ നിർദേശം നൽകി.
ഇന്ത്യയിൽ നിന്നും ലിബിയയിലേക്കുള്ള യാത്രകൾക്കും വിലക്കേർപ്പെടുത്തി. സഹായം ആവശ്യമായ അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ എംബസിയുടെ എമർജൻസി ഫോൺ നമ്പറായ +218943992046ൽ ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അസ്ഥിരതാവസ്ഥയാണ് ലിബിയയിൽ നിലനിൽക്കുന്നത്. ലിബിയയിൽ നടക്കുന്ന സംഘർഷങ്ങളും സുരക്ഷാ വെല്ലുവിളികളും മറ്റ് അന്തർദേശീയ പ്രശ്‌നങ്ങളും മുൻനിർത്തിയാണ് വിദേശകാര്യമന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. ബ്രിട്ടണിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് യുകെയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.