ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനികർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ഇറാഖിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഏഴ് യുഎസ് സൈനികർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് ലോയ്ഡ് ഓസ്റ്റിന്റെ പ്രതികരണം. ഇറാഖിലെ ഐൻ അൽ അസ്സദ് താവളത്തിൽ കഴിഞ്ഞ മൂന്ന് ആഴ്ചയ്‌ക്കിടെ ഇത് മൂന്നാം തവണയാണ് യുഎസ് സൈനികർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.
യുഎസ് സൈന്യത്തിനെതിരെ ഇറാൻ നിയോഗിച്ച തീവ്രവാദികൾ നടത്തുന്ന ആക്രമണമാണിതെന്നാണ് വിമർശനം. ” ഇനിയും ഇതുപോലെയുള്ള ആക്രമണങ്ങൾ തുടരാനാണ് ശ്രമമെങ്കിൽ അംഗീകരിക്കില്ല. മേഖലയിൽ ഞങ്ങളുടെ ഉദ്യോഗസ്ഥരെ തുടർച്ചയായി ലക്ഷ്യം വയ്‌ക്കുന്നത് സഹിച്ച് നിൽക്കില്ല. ആക്രമണത്തിൽ അഞ്ച് സൈനികർക്കും രണ്ട് കോൺട്രാക്ടർമാർക്കും പരിക്കേറ്റു. ഏവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും” ഓസ്റ്റിൻ വ്യക്തമാക്കി.
പെന്റഗണും ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഇറാൻ തീവ്രവാദികൾ നടത്തിയ ആക്രമണമാണിതെന്നും, യുഎസ് സൈന്യത്തിനെതിരായ ഇറാന്റെ നീക്കങ്ങൾ ഓരോ ദിവസവും വർദ്ധിച്ച് വരുന്ന സാഹചര്യമാണെന്നും ഓസ്റ്റിനും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ പറഞ്ഞു. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിന്റെ തുടക്കത്തിൽ സമാനമായ ആക്രമണങ്ങൾ പതിവായിരുന്നുവെങ്കിലും, പിന്നീട് ഇത് കുറഞ്ഞിരുന്നു. ഹമാസിന്റെയും ഹിസ്ബുള്ളയുടേയും ഉന്നത നേതാക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് യുഎസ് സൈന്യത്തിനെതിരെയും റോക്കറ്റ് ആക്രമണങ്ങൾ വർദ്ധിച്ചത്.