1997-ന് ശേഷം ശ്രീലങ്കയോട് ആദ്യമായി ഏകദിന പരമ്പരയിൽ തോൽവി വഴങ്ങി ടീം ഇന്ത്യ. ഒരിക്കൽക്കൂടി നായകൻ രോഹിത് ശർമ്മ നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെയാണ് ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 248 റൺസ്. മറുപടി ബാറ്റിംഗിൽ 53 റൺസിനിടെ ഒരു വിക്കറ്റ് നഷ്ടമായ ടീം ഇന്ത്യ തുടർച്ചയായി വിക്കറ്റുകൾ വീണതോടെയാണ് തോൽവിയിലേക്ക് വീണത്. ഇതോടെ, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ശ്രീലങ്ക സ്വന്തമാക്കുകയായിരുന്നു. 110 റൺസിനായിരുന്നു ലങ്കയുടെ ജയം. ഇന്ത്യ: 26 ഓവറിൽ 138/10
20 പന്തിൽ 35 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. വാലറ്റത്ത് വാഷിംഗ്ടൺ സുന്ദറും(30) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വിരാട് കോലി (20), റിയാൻ പരാഗ് (15) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങൾ. 5 ഓവറിൽ 27 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ദുനിത് വെല്ലലഗെയാണ് ഇന്ത്യയെ തകർത്തത്. ജെഫ്രി വാൻഡർസായി രണ്ട് വിക്കറ്റെടുത്തു.
ശ്രീലങ്ക ഉയർത്തിയ 249 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമായിരുന്നില്ല. ഓപ്പണറായെത്തിയ രോഹിത് 20 പന്തിൽ ആറ് ഫോറും ഒരു സിക്‌സും സഹിതം 35 റൺസ് നേടിയപ്പോൾ ശുഭ്മാൻ ഗിൽ(6) നിരാശപ്പെടുത്തി.വിരാട് കോലി നാല് ഫോറുകൾ സഹിതം 20 റൺസെടുത്ത് പുറത്തായി. ഈ ഏകദിന പരമ്പരയിലൂടെ ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യർ വീണ്ടും നിരാശപ്പെടുത്തി. അയ്യർ ഏഴ് പന്തിൽ നിന്ന് എട്ട് റൺസെടുത്ത് മടങ്ങി. ഋഷഭ് പന്ത് (6), അക്‌സർ പട്ടേൽ (2), റിയാൻ പരാഗ് (15), ശിവം ദുബെ(6) എന്നിവർ അമ്പേ നിരാശപ്പെടുത്തി. വാഷിംഗ്ടൺ സുന്ദർ (30), കുൽദീപ് യാദവ് (6), മുഹമ്മദ് സിറാജ് (0), എന്നിങ്ങനെയാണ് വാലറ്റക്കാരുടെ പ്രകടനം.
അവിഷ്‌ക ഫെർണാണ്ടോ (96), കുശാൽ മെൻഡിൻസ് (59) എന്നിവരുടെ പ്രകടനത്തിന്റെ ബലത്തിലാണ് നേരത്തെ ശ്രീലങ്ക 248 റൺസ് നേടിയത്. ഇന്ത്യക്ക് വേണ്ടി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച റിയാൻ പരാഗ് മൂന്ന് വിക്കറ്റെടുത്തു.