കവർച്ചക്കാരിയെന്ന പേരിൽ കുപ്രസിദ്ധി നേടിയ അമേരിക്കൻ വനിതയാണ് ജെൻ ജെൻ ഗോമസ്. ചെയ്ത കുറ്റകൃത്യങ്ങൾക്ക് പത്ത് വർഷം ജയിലിൽ കിടന്ന അവർ പുറത്തിറങ്ങിയപ്പോൾ മോഷണം ഉപേക്ഷിച്ചു. പിന്നീടുള്ള ജീവിതത്തിൽ ജനങ്ങൾക്ക് ഉപദേശം നൽകാനാണ് അവർ സമയം കണ്ടെത്തിയത്. വീടുകൾ എങ്ങനെ കവർച്ചയ്ക്ക് ഇരയാകാതെ നോക്കാമെന്നും കള്ളന്മാരുടെ സൂത്രവിദ്യകൾ എന്താണെന്നും അവർ പങ്കുവയ്ക്കുന്നു. സ്വന്തം ജീവിതാനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവർ ഓരോ ടിപ്സും ജനങ്ങൾക്ക് നൽകുന്നത്. എങ്ങനെയാണ് മോഷ്ടിച്ചിരുന്നതെന്നും മോഷ്ടിക്കാൻ വീടുകളിലേക്ക് കയറുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കുമായിരുന്നുവെന്നും ഏതെല്ലാം സാഹചര്യങ്ങളിലാണ് മോഷണത്തിന് മുതിർന്നിരുന്നതെന്നും അവർ ജനങ്ങളോട് പങ്കുവച്ചു.
ഗോമസിന്റെ വാക്കുകളിങ്ങനെ.. “മോഷ്ടിക്കാൻ ഇറങ്ങുന്നതിന് മുൻപ് കാലാവസ്ഥ എങ്ങനെയാണെന്ന് നോക്കും. അതിനനുസരിച്ചാണ് ഏത് പ്രദേശത്തേക്ക് പോകണമെന്ന് തീരുമാനിക്കാറുള്ളത്. വെയിലുള്ള, സൂര്യപ്രകാശം നല്ലപോലെ ലഭിക്കുന്ന ദിവസമാണെങ്കിൽ ഒറ്റപ്പെട്ട് കിടക്കുന്ന വിജനമായ പ്രദേശങ്ങളാണ് തിരഞ്ഞെടുക്കുക. ഓരോ വീടുകൾക്കിടയിലും ഗ്യാപുള്ള പ്രദേശങ്ങൾ. സൂര്യവെളിച്ചം കിട്ടുന്ന ദിവസമായതിനാൽ ആളുകൾ പുറത്തേക്കിറങ്ങിയിരിക്കും. അതുകൊണ്ട് അകത്ത് കയറി മോഷ്ടിക്കാൻ അനുയോജ്യമായ സാഹചര്യമാണ്.
ഇനി മഴയുള്ള, മഞ്ഞുമൂടിയ, ഇരുണ്ട ദിവസമാണെങ്കിൽ അതും കവർച്ചയ്ക്ക് അനുയോജ്യമാണ്. ആളുകൾ വീടിന് അകത്തായിരിക്കും ഉണ്ടായിരിക്കുക. മാത്രവുമല്ല അവർ വിശ്രമിക്കുകയായിരിക്കും. മോഷ്ടാവിനെ കണ്ടാലും പിന്തുടർന്ന് പിടികൂടാനുള്ള മാനസികാവസ്ഥയിലാകില്ല. വീടിന് പുറത്തേക്കിറങ്ങാനോ നനയാനോ വസ്ത്രത്തിൽ അഴുക്കുപറ്റാനോ തയ്യാറായിരിക്കില്ല. അതിനാൽ മഴയുള്ള ദിവസങ്ങളിൽ മോഷ്ടിക്കാൻ കയറുന്നത് കള്ളന്മാർക്ക് ഇഷ്ടമാണ്.
ടൈമിംഗ് പ്രധാനപ്പെട്ടതാണ്. രാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കും. ആളുകൾ ജോലിക്കായി പുറത്തുപോകുന്ന സമയം രാവിലെ 7 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ്. ഈ സമയത്തിനുള്ളിൽ മോഷണം നടത്തണം. രാവിലെ എട്ട് മണി മുതൽ 11 മണി വരെയുള്ള സമയമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇതിനിടയിൽ വീട് കുത്തിപ്പൊളിച്ച് അകത്ത് കയറാനുള്ള സാധ്യത കൂടുതലാണ്. 11.30 മുതൽ 1 മണി വരെ റെസ്റ്റ് എടുക്കും. പിന്നെ മോഷണത്തിന് കയറാൻ ഉചിതമായ സമയം 1.30 മുതൽ 3.00 മണി വരെയാണ്. alarm സംവിധാനമുള്ള വീടുകളാണെങ്കിൽ ഇഷ്ടമാണ്. കാരണം അവിടെ വിലപിടിപ്പുള്ള എന്തോ ഉണ്ട്. അതുകൊണ്ടാണ് ആധുനിക സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുന്നതെന്ന് കള്ളന്മാർ മനസിലാക്കും.
വീടുകളിലേക്ക് കയറാനും പെട്ടെന്ന് ഇറങ്ങാനും അനുയോജ്യമായ ജനൽ ഉണ്ടോയെന്ന് പരിശോധിച്ചതിന് ശേഷമാണ് കയറുക. മാത്രവുമല്ല നല്ലപോലെ ചെടികളും ബുഷുകളും ഉള്ള വീടുകളിൽ കയറാനാണ് ശ്രമിച്ചിരുന്നത്. കാരണം പെട്ടെന്ന് പുറത്തേക്കിറങ്ങി ഒളിക്കാനും ആളുകളുടെ കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കാനും അത് സഹായിക്കും.