ടെൽഅവീവ്: ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനായ പുതിയ ഹമാസ് തലവൻ യഹിയ സിൻവറിനെ വധിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഇസ്രായേൽ. കഴിഞ്ഞയാഴ്ച ടെഹ്‌റാനിൽ വച്ച് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യഹിയയെ ഹമാസിന്റെ പുതിയ തലവനായി തിരഞ്ഞെടുത്തത്. യഹിയ സ്ഥാനമേറ്റത് അയാളെ വധിക്കാനും, ഹമാസിനെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള ശക്തമായ കാരണമാണെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞത്.
യഹിയ സിൻവറിനെ തലവനായി തിരഞ്ഞെടുത്തത് യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, പ്രതിരോധം ശക്തമാക്കുന്നു എന്നതിന്റേയും തെളിവാണെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. എന്നാൽ തങ്ങൾക്കെതിരായ ഏതൊരു ആക്രമണത്തേയും ശക്തമായി തന്നെ പ്രതിരോധിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. രാഷ്‌ട്രം സർവ്വസജ്ജമായിരിക്കുമെന്നും സൈനിക താവളത്തിൽ നടത്തിയ പ്രസ്താവനയിൽ നെതന്യാഹു പറഞ്ഞു.
അതേസമയം മേഖലയിൽ സംഘർഷം വർദ്ധിക്കുന്നത് തടയാനുള്ള ശ്രമങ്ങൾ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി എന്നിവരുമായി പ്രസിഡന്റ് ജോ ബൈഡൻ സംസാരിച്ചിരുന്നു. ഇറാനുമായും ഇസ്രായേലുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഹനിയയുടെ കൊലപാതകം കൂടുതൽ സംഘർഷത്തിലേക്ക് നയിച്ചേക്കാമെന്നാണ് സംഘടനയുടെ അദ്ധ്യക്ഷനായ ഗാംബിയൻ വിദേശകാര്യ മന്ത്രി മംദൗ തങ്കാര ചൂണ്ടിക്കാച്ചി. പല രാജ്യങ്ങളും മേഖലയിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി റദ്ദ് ചെയ്തിട്ടുണ്ട്. ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് ഫ്രാൻസ് നിർത്തണമെന്ന ആവശ്യം ഇറാൻ മുന്നോട്ട് വച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ, ഇമ്മാനുവൽ മാക്രോണിനോട് ഈ ആവശ്യം ഉന്നയിച്ചത്.















