വെല്ലിംഗ്ടൺ: ന്യൂസീലൻഡിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതി രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്വീകരണ ചടങ്ങുകൾ. തലസ്ഥാനമായ വെല്ലിംഗ്ടണിൽ രാഷ്ട്രപതിയെ പരമ്പരാഗതമായ മാവോറി ‘പോവ്ഹിരിയും’ ഗാർഡ് ഓഫ് ഓണറും നൽകി സ്വീകരിച്ചു. തദ്ദേശീയരായ മാവോറി വിഭാഗത്തിന്റെ പരമ്പരാഗത സ്വീകരണ ചടങ്ങാണ് പോവ്ഹിരി. പാട്ട്, നൃത്തം, സംഭാഷണങ്ങൾ എന്നിവയെല്ലാം പോവ്ഹിരിയിൽ ഉൾപ്പെടുന്നു. ന്യൂസിലൻഡ് ഗവർണർ ജനറൽ ഡാം സിണ്ടി കിറോയാണ് സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
“ഇന്ത്യ-ന്യൂസിലൻഡ് ബന്ധം കൂടുതൽ ഊർജ്ജസ്വലമാകും. പ്രഡിഡന്റ് ദ്രൗപദി മുർമുവിന് വെല്ലിംഗ്ടണിലെ ഗവൺമെന്റ് ഹൗസിൽ ഗവർണർ ജനറൽ ഡാം സിണ്ടി കിറോ ഊഷ്മള സ്വീകരണമൊരുക്കി,” വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു. ന്യൂസിലൻഡ് നേതൃത്വവുമായി രാഷ്ട്രപതി നടത്തുന്ന ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ദ്രൗപദി മുർമു ന്യൂസീലൻഡിലെത്തിയത്. ഓക്ക്ലാൻഡിൽ ന്യൂസിലൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ നീത ഭൂഷണും വ്യാപാര മന്ത്രി ടോഡ് മക്ലേയും ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള സുപ്രധാന ഗവൺമെന്റ് ഇടപെടലുകളിൽ ഒന്നാണ് ദ്രൗപദി മുർമുവിന്റെ സന്ദർശനമെന്ന് ടോഡ് മക്ലേ പറഞ്ഞു.
ന്യൂസീലൻഡിലെത്തിയ രാഷ്ട്രപതി പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വിദ്യാഭ്യാസ കോൺഫറൻസിനെ അഭിസംബോധന ചെയ്യും. ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹവുമായും സുഹൃത്തുക്കളുമായും സംവദിക്കുമെന്നും വിദേശകാര്യമന്ത്രലയം അറിയിച്ചു. ഫിജി, ന്യൂസിലൻഡ്, തിമോർ ലെസ്റ്റെ എന്നിവിടങ്ങളിലേക്കുള്ള ആറ് ദിവസത്തെ ത്രിരാഷ്ട്ര സന്ദർശനത്തിനായി ഓഗസ്റ്റ് നാലിനാണ് രാഷ്ട്രപതി ഡൽഹിയിൽ നിന്നും പുറപ്പെട്ടത്.