പത്തനംതിട്ട: നവജാതശിശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. അടൂർ സ്വദേശി അനന്തകൃഷ്ണൻ (26) ആണ് പിടിയിലായത്. മദ്യ ലഹരിയിലായിരുന്ന അനന്തകൃഷ്ണൻ 29 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞ് കുഞ്ഞിനെ എടുക്കുകയായിരുന്നു.
ഇത് കണ്ട് ബഹളം വച്ച ഭാര്യ കുഞ്ഞിനെ ഇയാളുടെ കയ്യിൽ നിന്ന് ബലമായി പിടിച്ചു വാങ്ങി. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ പൊലീസുകാർ സ്ഥലത്തെത്തിയപ്പോൾ യുവാവ് ഉദ്യോഗസ്ഥരെ മർദ്ദിക്കാനും ശ്രമിച്ചു. പിന്നീട് മൽപ്പിടുത്തത്തിലൂടെ ഇയാളെ പൊലീസ് കീഴടക്കുകയായിരുന്നു.
സ്റ്റേഷനിലേക്ക് പോകുന്ന വഴി പൊലീസ് ജീപ്പിന്റെ ചില്ല് തല കൊണ്ടിടിച്ച് യുവാവ് തകർക്കുകയും ചെയ്തു. സ്ഥിര മദ്യപാനിയായ അനന്തകൃഷ്ണന്റെ പേരിൽ ഭാര്യ മുമ്പും പൊലീസിൽ പാരാതി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലും ജീപ്പിന്റെ ചില്ല് തകർത്തതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.