ധാക്ക: ബംഗ്ലാദേശ് ദുഷ്കരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വസേദ്. തന്റെ അമ്മയെ കാണാനും ആലിംഗനം ചെയ്ത് സമാധാനിപ്പിക്കാനും സാധിക്കാതെ പോയതിൽ അതിയായ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു. ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങളിലും അശാന്തിയിലും സൈമ ദുഃഖം രേഖപ്പെടുത്തി.
” അമ്മ കടന്നു പോയ പ്രയാസകരമായ സമയങ്ങളിൽ പോലും അവരെ കാണാനോ കെട്ടിപ്പിടിച്ച് സമാധാനിപ്പിക്കാനോ എനിക്ക് സാധിച്ചില്ല. എന്റെ ഹൃദയം തകർന്നിരിക്കുകയാണ്. ഞാൻ ഇഷ്ടപ്പെടുന്ന എന്റെ രാജ്യത്തെ ആളുകളുടെ ജീവനും ഇപ്പോൾ നഷ്ടമായിരിക്കുന്നു.”- സൈമ വസേദ് കുറിച്ചു. ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യയുടെ റീജിയണൽ ഡയറക്ടറായി ജോലി ചെയ്ത് വരികയാണ് സൈമ വസേദ്. ലോകാരോഗ്യ സംഘടനയുടെ ഉയർന്ന പദവി വഹിക്കുന്നതിനാൽ തന്റെ തൊഴിലിൽ താൻ പ്രതിജ്ഞാബദ്ധയാണെന്നും അവർ പറഞ്ഞു.
Heartbroken with the loss of life in my country 🇧🇩 that I love. So heartbroken that I cannot see and hug my mother during this difficult time. I remain committed to my role as RD @WHOSEARO @WHO #HealthForAll #OneWHO
— Saima Wazed (@drSaimaWazed) August 8, 2024
ഏഷ്യൻ മേഖലയുടെ റീജിയണൽ ഡയറക്ടറായി ഫെബ്രുവരിയിലാണ് സൈമ വസേദ് ചുമതലയേറ്റത്. ഈ പദവിലെത്തുന്ന ആദ്യത്തെ ബംഗ്ലേദേശി വനിതയും ലോകത്തെ രണ്ടാമത്തെ വനിതയുമാണ് സൈമ വസേദ്. അതേസമയം ബംഗ്ലാദേശിൽ അരക്ഷിതാവസ്ഥ തുടരുകയാണ്. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.