ന്യൂഡൽഹി: ഡോക്ടരുടെ പരിചരണത്തിനായി 3 മണിക്കൂറോളം കാത്തുനിന്ന യുവാവ് ചികിത്സ കിട്ടാതെ മരിച്ചു. മുംബൈയിലെ സെൻ്റ് ജോർജ് ഹോസ്പിറ്റലിലെ ജീവനക്കാരനാണ് അതേ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ചത്. തലയ്‌ക്ക് പരിക്കേറ്റ് ഡോക്ടറെ കാണാനെത്തിയ അനീഷ് കൈലാഷ് ചൗഹാനാണ് അടിയന്തര വൈദ്യസഹായം ലഭിക്കാതെ മരണപ്പെട്ടത്. ചികിത്സ ലഭിക്കാൻ വൈകിയതാണ് മരണകാരണമെന്നാരോപിച്ച് അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രയിൽ പ്രതിഷേധിച്ചു.
തലയ്‌ക്ക് പറ്റിയ മുറിവിൽ തുന്നലിടുന്നതിനായാണ് അനീഷ് ആശുപത്രിയിലെത്തിയത്. മുറിവിൽ ബാൻഡ്എയ്ഡ് ചുറ്റി മണിക്കൂറുകളോളം വീൽ ചെയറിൽ ഡോക്ടറെ കാണാൻ കാത്തുനിന്നു. മൂന്ന് മണിക്കൂറിലേറെ കാത്തുനിന്നിട്ടും ഡോക്ടറെത്തി ഇയാളെ പരിശോധിച്ചില്ല. ഇതോടെ ആരോഗ്യനില മോശമായ യുവാവ് മരണപ്പെട്ടു.
അനീഷിന്റെ മരണത്തിന് ഉത്തരവാദികൾ ഡോക്ടർമാരാണെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ആരോപിച്ചു. ആശുപത്രിയിലെ ഡോക്‌ടർമാർ അദ്ദേഹത്തെ പരിശോധിക്കാൻ ഇൻ്റേണിനെ അയച്ചതാണ് കാലതാമസത്തിന് കാരണമെന്ന് അവർ പറഞ്ഞു. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുന്നത് വരെ മൃതദേഹം കൊണ്ടുപോകില്ലെന്ന് പറഞ്ഞ ബന്ധുക്കൾ റസിഡൻ്റ് മെഡിക്കൽ ഓഫീസർ, ചീഫ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ സൂപ്രണ്ട് എന്നിവരെ സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.















