കാമുകിക്ക് ജന്മദിനത്തിന് ഐഫോൺ സമ്മാനിക്കാൻ അമ്മയുടെ സ്വർണാഭരണം മോഷ്ടിച്ച ഒൻപതാം ക്ലാസുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ നജ്ഫഗഡിലാണ് സംഭവം.മാതാവ് ആഭരണം കാണാനില്ലെന്ന് കാട്ടി പൊലീസിന് പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. അജ്ഞാനതെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒൻപതാം ക്ലാസുകാരനിൽ അവസാനിച്ചത്. ഒരു ജോഡി സ്വർണ കമ്മലുകൾ, മോതിരം. മാല എന്നിവയാണ് ഇയാൾ വീട്ടിൽ നിന്ന് മോഷ്ടിച്ചത്.
ഇത് വിറ്റ് കാമുകിക്ക് ഐഫോൺ വാങ്ങിക്കുകയായിരുന്നു. ആഭരണം വാങ്ങിയ സ്വർണപ്പണിക്കാരനെ പൊലീസ് പിടികൂടുകയും സ്വർണം വീണ്ടെടുക്കുകയും ചെയ്തു. മൂന്നാം തിയതിയാണ് കളവിനെക്കുറിച്ച് വീട്ടമ്മ പരാതിപ്പെടുന്നത്. രണ്ടിന് 8 മണിക്കും വൈകിട്ട് മൂന്നിനും ഇടയിലാകാം മോഷണമെന്ന് ഡിസിപി അങ്കിത് സിംഗ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. അയൽവാസികളെയും ചോദ്യ ചെയ്തെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇതോടെ അന്വേഷണം കുടുംബാംഗങ്ങളിലേക്ക് മാറ്റി. ഇതോടെ പരാതിക്കാരിയുടെ മകനെ കാണാനില്ലെന്ന് വ്യക്തമായി. ഇയാളുടെ സഹപാഠികളെ ചോദ്യം ചെയ്തപ്പോഴാണ് ഐഫോൺ കഥ വെളിപ്പെടുന്നത്. 50,000 രൂപയ്‌ക്കാണ് ഇയൾ ഫോൺ വാങ്ങിയത്. മുങ്ങിയ പ്രതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു പൊലീസ്. ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും കുട്ടി പിന്നീട് ഏറ്റുപറഞ്ഞു. ഫോണും ഇയാളിൽ നിന്ന് കണ്ടെടുത്തു.
പ്രതി നജ്ഫ്ഗഡ് സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസുകാരനാണ്. അസുഖം കാരണം കുട്ടിയുടെ പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. ജന്മദിന പാർട്ടിക്ക് മാതാവിനോട് പണം ചോദിച്ചിരുന്നെങ്കിലും നൽകിയില്ല. ഇതോടെയാണ് മോഷണത്തിന് പദ്ധതി തയാറാക്കിയതും പിന്നീട് കുടുങ്ങിയതും.