ന്യൂഡൽഹി: രാജ്യത്തിന് അഭിമാനമായി ഒളിമ്പിക്സിൽ വെള്ളി മെഡൽ നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ഭാവി കായിക താരങ്ങൾക്ക് വലിയ പ്രചോദനമാണ് നീരജെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. ” കഴിവിന്റെ ആൾരൂപമാണ് നീരജ് ചോപ്ര. അദ്ദേഹം തന്റെ മിടുക്ക് വീണ്ടും തെളിയിച്ചിരിക്കുകയാണ്. മറ്റൊരു ഒളിമ്പിക്സ് വിജയവുമായാണ് നീരജ് തിരിച്ചെത്തുന്നത് എന്നതിന്റെ ആവേശത്തിലാണ് ഇന്ത്യ. വെള്ളി മെഡൽ നേട്ടത്തിന് അദ്ദേഹത്തെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. രാജ്യത്തെ ഭാവി കായികതാരങ്ങൾക്ക് അവരുടെ സ്വപ്നങ്ങൾ പിന്തുടരാനും രാജ്യത്തിന് അഭിമാനമാകാനും നീരജ് പ്രചോദനമായിരിക്കുമെന്നും” പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
രണ്ടാം റൗണ്ടിൽ 89.35 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി മെഡൽ നേട്ടം സ്വന്തമാക്കിയത്. സീസണിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണിത്. 92.97 മീറ്റർ എറിഞ്ഞ പാകിസ്താൻ താരം അർഷദ് നദീം ആണ് ഈയിനത്തിൽ സ്വർണം നേടിയത്. ഒളിമ്പിക് റെക്കോര്ഡോടെയാണ് അർഷദിന്റെ നേട്ടം. ടോക്കിയോ ഒളിമ്പിക്സിൽ അർഷദ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇക്കുറി പാകിസ്താന്റെ ഏക മെഡൽ ജേതാവ് കൂടിയാണ് അർഷദ്. 88.54 മീറ്റർ ദൂരം എറിഞ്ഞ ഗ്രനാഡ താരം ആൻഡേഴ്സൺ പീറ്റേഴ്സണിനാണ് വെങ്കല മെഡൽ.
ഒളിമ്പിക്സിൽ രണ്ട് വ്യക്തിഗത മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരം കൂടിയാണ് നീരജ്. പി വി സിന്ധു(ബാഡ്മിന്റൺ), സുശീൽ കുമാർ(റെസ്ലിങ്), മനു ഭാക്കർ(ഷൂട്ടിംഗ്) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. പാരിസിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണ് നീരജ് സ്വന്തമാക്കിയത്. നിലവിൽ പട്ടികയിൽ 64ാം സ്ഥാനത്താണ് ഇന്ത്യ.