വയനാട്: സംസ്ഥാനത്തിനകത്തോ സമീപ പ്രദേശങ്ങളിലോ സ്ഥാപിച്ച ഭൂചലനമാപിനികളിൽ ഓഗസ്റ്റ് 9ന് ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനത്തിന്റെ ശബ്ദം കേട്ടതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം.
ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ നടന്ന പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ പല തട്ടുകളിലായി വലിയ മൺകൂനകൾ ഉണ്ടാകാറുണ്ട്. ഈ പാളികൾ ഇളകി നിരപ്പായ നിലയിലെത്തുന്നത് ഇത്തരം പ്രദേശങ്ങളിൽ സ്വാഭാവികമാണ്. ഭൂമിക്കടിയിലെ മൺപാളികൾ തമ്മിലുള്ള ഘർഷണം പ്രദേശത്ത് കുലുക്കവും ശബ്ദവും സൃഷ്ടിക്കാറുണ്ട്. വയനാട്ടിൽ പല സ്ഥലങ്ങളിലും ഇതാകാം അനുഭവപ്പെട്ടതെന്നും ജില്ലാ കലക്ടർ അറിയിച്ചു.
സംസ്ഥാനത്തിനകത്ത് വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനികളിൽ നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ.സി.എസ്), ന്യൂഡൽഹിയിലെ ഭൗമശാസ്ത്ര മന്ത്രാലയം (എം.ഒ.ഇ.എസ്) എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. രാജ്യത്തിനകത്തുള്ളതും അയൽ രാജ്യങ്ങളിലെയും റിക്ടർ സ്‌കെയിലിൽ 3.0ഉം അതിനുമുകളിലും തീവ്രതയുള്ള ഭൂകമ്പങ്ങൾ മുഴുവൻ സമയം നിരീക്ഷണത്തിലാണ്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. പ്രകമ്പനം അനുഭവപ്പെട്ട പ്രദേശങ്ങളിലെ ജനവാസ മേഖലകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു.
അമ്പലവയൽ വില്ലേജിലെ ആർ.എ.ആർ.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാൻ വില്ലേജിലെ സോട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടത്.