ന്യൂഡൽഹി: ലോക്സഭാ സമ്മേളനത്തിന് ശേഷം സ്പീക്കർ ഓം ബിർള വിളിച്ചു ചേർത്ത ചായസൽക്കാരത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുലും. പാർലമെന്റ് സമുച്ചയത്തിൽ സംഘടിപ്പിച്ച അനൗദ്യോഗിക ചായ സൽക്കാരത്തിൽ മറ്റ് കേന്ദ്രമന്ത്രിമാരും വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളും പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിവിധ പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ യുക്രെയ്‌നിലേയും ഗാസയിലെയും നിലവിലെ സാഹചര്യത്തെക്കുറിച്ച് നേതാക്കൾ സംസാരിച്ചു. ഇന്ത്യ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
ലോക്സഭാ സമ്മേളനത്തിനിടയ്‌ക്ക് സ്പീക്കർ ചായ സൽക്കാരത്തിനായി നേതാക്കളെ ക്ഷണിക്കുന്നത് കാലങ്ങളായി നിലനിൽക്കുന്ന പതിവാണ്. കഴിഞ്ഞ ദിവസം നടന്ന സൽക്കാരത്തിൽ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, രാംമോഹൻ നായിഡു, ചിരാഗ് പാസ്വാൻ, പിയൂഷ് ഗോയൽ, എംപിമാരായ സുദീപ് ബന്ദ്യോപാധ്യായ, കനിമൊഴി എന്നിവരും പങ്കെടുത്തിരുന്നു.