വാഷിംഗ്ടൺ ഡിസി: ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ തിരിച്ച് മടങ്ങാൻ ഷെയ്ഖ് ഹസീന തയ്യാറാണെന്ന് മകൻ സജീബ് വാസെദ് ജോയ്. രാജ്യം വിടണമെന്ന് തന്റെ അമ്മ ഒരിക്കലും കരുതിയിരുന്നില്ലെന്നും എന്നാൽ സുരക്ഷ കണക്കിലെടുത്താണ് ബംഗ്ലാദേശിൽ നിന്ന് പോരെണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” രാജ്യം വിടണമെന്ന് അമ്മ ഒരിക്കലും വിചാരിച്ചിട്ടില്ലായിരുന്നു. രാജി പ്രഖ്യാപിക്കാനിരിക്കെയായിരുന്നു ബംഗ്ലാദേശിൽ സ്ഥിതിഗതികൾ മോശമായത്. രാജിക്ക് ശേഷവും ബംഗ്ലാദേശിൽ തുടരാനായിരുന്നു അവർ ആഗ്രഹിച്ചിരുന്നത്. എന്നാൽ പ്രതിഷേധക്കാർ ആക്രമണം ശക്തമാക്കി ഇരച്ചെത്തിയതോടെ മറ്റ് മാർഗങ്ങളില്ലാതെ അവർ രാജ്യം വിടുകയായിരുന്നു. ഹെലികോപ്റ്ററിൽ കയറുന്ന സമയത്തും അമ്മ എന്റെ അമ്മായിയോട് പറഞ്ഞത് നിങ്ങൾ രക്ഷപ്പെട്ടോളൂ, ഞാൻ ഇവിടെ നിൽക്കാമെന്നായിരുന്നു. പിന്നീട് ഞാൻ അമ്മയെ വിളിച്ച് സംസാരിച്ച ശേഷമാണ് അവർ രാജ്യം വിടാൻ തയ്യാറായത്”.- സജീബ് വാസെദ് ജോയ് പറഞ്ഞു.
എന്നും രാജ്യത്തിനൊപ്പം നിൽക്കണമെന്നാണ് ഷെയ്ഖ് ഹസീന ആഗ്രഹിച്ചത്. രാജ്യം വിട്ടതിന് ശേഷം അമ്മ വളരെ അധികം അസ്വസ്ഥയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവർ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും മകൻ പറഞ്ഞു. ബംഗ്ലാദേശിനെ ഇത്തരത്തിലൊരു മോശാവസ്ഥയിലേക്ക് തള്ളിവിടാൻ അമ്മയ്ക്ക് സാധിക്കില്ല.ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമ സംഭവങ്ങളെ കുറിച്ചുള്ള വാർത്തകൾ അമ്മയേയും അസ്വസ്ഥയാക്കുന്നുണ്ട്. അവർക്കൊരിക്കലും ഇത്തരം ആക്രമണങ്ങൾ കണ്ടു നിൽക്കാൻ ആവില്ല. അടുത്ത തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പൂർവ്വാധികം ശക്തിയോടെ അവാമി ലീഗ് തിരിച്ചെത്തുമെന്നും സജീബ് വ്യക്തമാക്കി.