വയനാട്: നാളെ, സ്‌കൂളിൽ പോകണം, കൂട്ടുകാരെ കാണണം അങ്ങനെ ഒരുപാട് കിനാവുകൾ കണ്ട് അമ്മയ്‌ക്കും അച്ഛനും സഹോദരിക്കുമൊപ്പം കിടന്നുറങ്ങിയ 8 വയസുകാരി അവന്തികയ്‌ക്ക് ഇന്ന് ഓരോ രാത്രികളും പേടിസ്വപ്നമാണ്. മുണ്ടക്കൈ എന്ന ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഉരുളെടുത്തത് ഒറ്റ രാത്രിയിലായിരുന്നു.
അട്ടമലയെയും ചൂരൽ മലയെയും ഇളകിമറിച്ചെത്തിയ ഉരുൾ, 8 വയസുകാരിയുടെ കുടുംബത്തിൽ ബാക്കിയാക്കിയത് അവന്തികയെയും അവളുടെ അമ്മൂമ്മയെയും മാത്രമാണ്. മണ്ണുപുതഞ്ഞു പോയ അവന്തികയെ രക്ഷാപ്രവർത്തകരെത്തിയാണ് പുറത്തെടുത്ത്. പരിക്കുകളോടെ വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അവന്തികയെ ചേർത്ത് പിടിക്കാൻ പ്രധാനമന്ത്രിയെത്തി.
വിംസ് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി അവന്തികയെ കാണാനായിരുന്നു ആദ്യം പോയത്. അവളെ അൽപ സമയം ചേർത്തു പിടിച്ചു. ഒറ്റയ്‌ക്കല്ലെന്നും പ്രധാനമന്ത്രി കൂടെയുണ്ടെന്നും 8 വയസുകാരിയോട് അദ്ദേഹം പറഞ്ഞു. എന്ത് ആവശ്യമുണ്ടെങ്കിലും പറയണമെന്നും പരിക്കുകൾ എത്രയും പെട്ടന്ന് മാറട്ടെയെന്നും പറഞ്ഞ പ്രധാനമന്ത്രി അവന്തികയുടെ ശിരസിൽ തൊട്ട് അനുഗ്രഹിച്ചാണ് ആശുപത്രിയിൽ നിന്നും മടങ്ങിയത്.
അതേസമയം കളക്ടറേറ്റിൽ ചേർന്ന അവലോകനയോഗത്തിൽ പ്രധാനമന്ത്രി സംസ്ഥാനസർക്കാരിനോട് നാശനഷ്ടങ്ങളുടെ കണക്കുകൾ സംബന്ധിച്ച വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ദുരിതബാധിതർക്കൊപ്പം കേന്ദ്രസർക്കാർ നിൽക്കുമെന്നും എല്ലാവിധ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.