ശ്രീനഗർ: അനന്ത്‌നാഗിലെ കോക്കർനാഗ് മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു.പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്‌ഥരെ സുരക്ഷിത സ്‌ഥാനങ്ങളിലെത്തിച്ചതായും ഏറ്റുമുട്ടൽ തുടരുന്നതായും അധികൃതർ അറിയിച്ചു.
സൈന്യത്തിന്റെ ചിനാർ കോർപ്പ് ആണ് എക്‌സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീർ പൊലീസും സിആർപിഎഫുമാണ് ഓപ്പറേഷനിൽ പങ്കെടുക്കുന്നത്. കൊക്കർനാഗിലെ പൊതുപ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നതെന്നും ചിനാർ കോർപ്പ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും അനന്ത്‌നാഗ് ജില്ലയിലെ അഹ്‌ലൻ ഗഗർമാണ്ഡു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. അതേസമയം ജമ്മുകശ്മീർ പോലീസ് കത്വ ജില്ലയിൽ അവസാനമായി കണ്ട നാല് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.