പാരീസ്: ഒരിക്കൽ കൂടി ഇന്ത്യയ്‌ക്കായി മെഡൽ നേടി ആ പോഡിയത്തിൽ നിൽക്കാനായത് ഏറെ സന്തോഷമെന്ന് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. അതേസമയം പാരിസിൽ ദേശീയ ഗാനം കേൾപ്പിക്കാനാവാത്തതിൽ ചെറിയ നിരാശയുണ്ടെന്നും താരം വ്യക്തമാക്കി. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് നീരജ് ഇക്കാര്യം പറഞ്ഞത്. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 89.45 മീറ്റർ ദൂരം താണ്ടി സീസണിലെ മികച്ച പ്രകടനത്തോടെയാണ് നീരജ് വെള്ളി മെഡൽ നേടിയത്. അടുത്ത തവണ ഒളിമ്പിക്‌സിൽ ദേശീയ ഗാനം കേൾപ്പിക്കുന്നതിനായി താൻ കൂടുതൽ കഠിനാദ്ധ്വാനം ചെയ്യുമെന്നും തന്നെ പിന്തുണച്ച ആരാധകർക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.
“ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്കായി മറ്റൊരു മെഡൽ നേടിയതിൽ ശരിക്കും സന്തോഷമുണ്ട്. ഇത്തവണ പാരീസിൽ നമ്മുടെ ദേശീയഗാനം കേൾപ്പിക്കാനായില്ല, എന്നാൽ വരും ദിവസങ്ങളിൽ എന്റെ കഠിനാദ്ധ്വാനം ആ മൂഹുർത്തത്തിന് വേണ്ടിയാകും. ഒരിക്കൽ കൂടി ഇന്ത്യയ്‌ക്കായി പോഡിയത്തിൽ എത്തിയതിൽ അഭിമാനിക്കുന്നു. ഒളിമ്പിക് ഗെയിംസിന് നന്ദി, ജയ് ഹിന്ദ്, —നീരജ് ചോപ്ര കുറിച്ചു.
ओलंपिक खेलों में भारत के लिए एक और पदक जीतके बहुत अच्छा लगा। इस बार पेरिस में हमारा National Anthem नहीं बज पाया, लेकिन आगे की मेहनत उसी पल के लिए होगी।💪
Very proud to be on the podium for India once again at the Olympic Games. Thank you for the love and support. Jai Hind! 🇮🇳… pic.twitter.com/b2DoatANPn
— Neeraj Chopra (@Neeraj_chopra1) August 10, 2024
കഴിഞ്ഞ ഒളിമ്പിക്സിൽ അദ്ദേഹം സ്വർണം നേടിയിരുന്നു. 92.97 മീറ്റർ താണ്ടി പാകിസ്താൻ താരം അർഷാദ് നദീം ആണ് പാരിസ് ഒളിമ്പിക്സിൽ റെക്കോർഡുമായി സ്വർണം നേടിയത്. ഗ്രനേഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് 88.54 മീറ്റർ എറിഞ്ഞ് വെങ്കലം നേടി.