ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി നവീകരണത്തിൽ അഴിമതിക്ക് കൂട്ടുനിന്ന മൂന്ന് എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്ത് കേന്ദ്ര പൊതുമരാമത്ത് വകുപ്പ്. കെജ്‌രിവാളിന്റെ ബംഗ്ലാവ് നവീകരിക്കുന്നതിൽ നിയമ വിരുദ്ധമായി പ്രവർത്തിച്ച എഞ്ചിനീയർമാരായ പ്രദീപ് കുമാർ പർമർ, അഭിഷേക് രാജ്, അശോക് കുമാർ രാജ്ദേവ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
കെജ്‌രിവാളിന്റെ നിർദ്ദേശപ്രകാരം മറ്റ് നാലുപേരുമായി ചേർന്ന് നവീകരണച്ചെലവ് പെരുപ്പിച്ച് കാണിക്കുകയും ചട്ടലംഘനം നടത്തുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കേസിൽ ഉൾപ്പെട്ട നാല് പേരെ മുൻപ് സസ്‌പെൻഡ് ചെയ്തിരുന്നു. പ്രദീപ് കുമാർ പർമർ നിലവിൽ അസമിലെ ഗുവാഹത്തിയിലും രാജ് പശ്ചിമ ബംഗാളിലെ ഖരഗ്പൂരിലുമാണ് ജോലി ചെയ്യുന്നത്.
ബംഗ്ലാവിന്റെ പുനർനിർമാണത്തിന് പൊതുമരാമത്ത് മന്ത്രിയുടെ ഒത്താശയോടെ അനുമതി നേടിയെടുക്കുകയായിരുന്നു. രാജ്യം കോവിഡ് മഹാമാരിയുടെ പിടിയിലായിരുന്നപ്പോൾ ബംഗ്ലാവ് നവീകരിക്കേണ്ട അടിയന്തര സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് വിജിലൻസ് വകുപ്പ് പറയുന്നു. കോവിഡിന്റെ ഭാഗമായി ചെലവ് ചുരുക്കൽ ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോഴും പുതിയ ബംഗ്ലാവ് നിർമ്മാണം വേഗത്തിലാക്കാൻ പിഡബ്ല്യുഡി മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. റെക്കോർഡ് വേഗത്തിൽ കെട്ടിടം പൊളിച്ച് പണിയുകയും ചെലവ് പെരുപ്പിച്ച് കാട്ടുകയും ചെയ്തു. വസതിയുടെ ഇന്റീരിയർ വർക്കുകൾക്ക് മാത്രമായി കോടിക്കണക്കിന് രൂപ ചെലവഴിച്ചതായി വിജിലൻസ് വകുപ്പ് കണ്ടെത്തി.