ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തകഴി സ്വദേശികളായ 2 യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓഗസ്റ്റ് 7 ന് കുഞ്ഞിന് ജന്മം നൽകിയ ശേഷം 8 ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രയിൽ യുവതി ചികിത്സ തേടിയിരുന്നു. കുഞ്ഞിനെ കുറിച്ച് ചോദിക്കുന്ന ആശുപത്രി അധികൃതരോട് അമ്മത്തൊട്ടിലിൽ നൽകിയെന്നും ബന്ധുക്കൾക്ക് നൽകിയെന്നുമൊക്കെയുള്ള പരസ്പര വിരുദ്ധമായ മറുപടികളാണ് നൽകിയത്. ഇതിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് ചേർത്തല പൊലീസിൽ വിവരമറിയിച്ചത്.
ചേർത്തല പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇവയും വിശ്വാസ യോഗ്യമായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കുഞ്ഞിന്റെ മൃതദേഹം യുവതി തകഴി കുന്നുമ്മ സ്വദേശിയായ ആൺസുഹൃത്തിന് കൈമാറുകയായിരുന്നു. ഇയാൾ സുഹൃത്തിനൊപ്പം ചേർന്ന് തകഴി റെയിൽവേ ക്രോസിന് സമീപം കുന്നുമ്മ ഭാഗത്ത് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണോ യുവതി ആൺസുഹൃത്തിന് കൈമാറിയതെന്ന് കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇതിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടെന്ന് യുവാക്കൾ പറയുന്ന സ്ഥലത്തെത്തി മണ്ണ് മാറ്റി പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.















