പട്ന: ബിഹാറിലെ ജെഹാനാബാദിലെ ജില്ലയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 മരണം. ജെഹാനാബാദ് ജില്ലയിലെ ബാരാവർ കുന്നുകളിലുള്ള ബാബ സിദ്ധേശ്വർ നാഥ് ക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ് സംഭവം. മരിച്ചവരിൽ 3 പേർ സ്ത്രീകളാണ്. അപകടത്തിൽ 35 പേർക്ക് പരിക്കേറ്റു. തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ യാതൊരു ക്രമീകരണങ്ങളും പൊലീസ് ഉദ്യോഗസ്ഥർ ഒരുക്കിയിരുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
എന്നാൽ തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മരിച്ച 7 പേരുടേയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയതായി ജെഹാനാബാദ് ടൗൺ ഇൻസ്പെക്ടർ ദിവാകർ കുമാർ വിശ്വകർമ വ്യക്തമാക്കി. പരിക്കേറ്റവർ മഖ്ദുംപൂർ, സദർ എന്നീ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.
എല്ലാ വർഷവും ശ്രാവണ മാസത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനായാണ് ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയത്. തിരക്ക് നിയന്തിക്കാൻ ശ്രമിച്ച ചില എൻസിസി വോളന്റിയർമാർ ഭക്തർക്ക് നേരെ ലാത്തി വീശിയെന്നും ഇതാണ് തിക്കിനും തിരക്കിനും കാരണമായതെന്നും അവർ പറഞ്ഞു. പൂക്കച്ചവടക്കാരനുമായി വാക്കേറ്റമുണ്ടായതിനെ തുടർന്നാണ് വോളന്റിയർമാർ ലാത്തിച്ചാർജ് നടത്തിയതെന്ന് ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ഭക്തൻ പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു















