ലക്നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സമാജ് വാദി പാർട്ടി നേതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. യുപിയിലെ കനൗജിലായിരുന്നു കേസിനാസ്പദമായ സംഭവം. എസ്പി നേതാവ് നവാബ് സിംഗ് യാദവിനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ബന്ധുവിനോടൊപ്പം നവാബിന്റെ വസതിയിലെത്തിയതായിരുന്നു പെൺകുട്ടി. നവാബിന്റെ പരിചയത്തിൽ ജോലി തരപ്പെടുത്തി കിട്ടുമെന്ന പ്രതീക്ഷയിൽ വസതിയിലെത്തിയതായിരുന്നു ഇരുവരും. എന്നാൽ ഇക്കാര്യം സംസാരിക്കാൻ മുറിയിലെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു നവാബ് എന്ന് പൊലീസ് പറയുന്നു. 15 വയസുള്ള പെൺകുട്ടിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത് ആക്രമിക്കാൻ തുടങ്ങിയതോടെ പെൺകുട്ടി ബഹളം വയ്‌ക്കുകയായിരുന്നു. ഇതോടെ കൂടെയെത്തിയ ബന്ധു ഉടൻ പൊലീസിൽ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് നവാബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ അടുത്ത അനുയായി കൂടിയാണ് അറസ്റ്റിലായ നവാബ്. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നുമാണ് നവാബിന്റെ ആരോപണം.