ദുബായ്: കുട്ടികൾക്ക് യുഎഇ പാസ്പോർട്ടിന്റെ പ്രാധാന്യവും പദവിയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേക വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ‘എന്റെ ശക്തമായ പാസ്പോർട്ട്’ എന്ന പേരിൽ ദുബായ് വേൾഡ് സെന്ററിലാണ് പരിപാടി നടന്നത്.
ദുബായ് ഇമിഗ്രേഷന്റെ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് സെക്ടറിന്റെ നേതൃത്വത്തിൽ ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പിന്റെ സഹകരണത്തോടുകൂടിയായിരുന്നു വ്യത്യസ്തമായ പരിപാടി നടന്നത്. ദുബായ് വേൾഡ് സെന്ററിൽ നടന്ന പരിപാടിയിൽ സ്വദേശികളും വിദേശികളുമായ നിരവധി കുട്ടികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
യുഎഇ പാസ്പോർട്ടിന്റെ പ്രാധാന്യം, അതിന്റെ സംരക്ഷണം, നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുകയായിരുന്നു ശില്പശാലയുടെ ലക്ഷ്യം. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ കുട്ടികളുടെ പാസ്പോർട്ട് പ്ലാറ്റ്ഫോമിനെക്കുറിച്ച് പരിചയപ്പെടുത്തുകയും പാസ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിക്കുകയും ചെയ്തു.
കൂടാതെ വിവിധ മത്സരങ്ങൾ, കുട്ടികൾക്കുള്ള ചിത്രരചന മത്സരങ്ങൾ , വകുപ്പിന്റ ഭാഗ്യചിഹ്നങ്ങളായ സാലം സലാമ എന്നീ കഥാപാത്രങ്ങളുമായുള്ള ഫോട്ടോ സെഷനുകൾ എന്നിവയും അരങ്ങേറി.







