ലക്നൗ: മതപരമായ സ്വാതന്ത്ര്യമെന്നാൽ (Religious Freedom) മറ്റുള്ളവരെ ഒന്നാകെ നിർബന്ധിച്ച് മതം മാറ്റാനുള്ള സ്വാതന്ത്ര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി (Allahabad HC). പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കാൻ ശ്രമിച്ച അസീം എന്ന യുവാവിന്റെ ഹർജി തള്ളിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ചാണ് ഹർജി തള്ളിയത്.
എല്ലാ വ്യക്തികൾക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും, മതപരമായി ആരാധനകൾ നടത്താനും, മതം പ്രചരിപ്പിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. പക്ഷെ വ്യക്തിപരമായ ഈ അവകാശം, മറ്റുള്ളവരെ കൂട്ടായി മതപരിവർത്തനം ചെയ്യുന്നതിനുള്ള അവസരമായോ സ്വാതന്ത്ര്യമായോ കണക്കാക്കരുത്. കാരണം മതപരിവർത്തനത്തിന് വിധേയമാകുന്നവർക്കും അവരുടേതായ മതസ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു.
ഹർജിക്കാരനായ അസീമിനെതിരെ യുപിയിലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം 2021 പ്രകാരം പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയെ അസീം ലൈംഗികമായി ചൂഷണം ചെയ്തതായും ഇസ്ലാമിലേക്ക് മതംമാറാൻ നിർബന്ധിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പെൺകുട്ടിയുമായി താൻ പ്രണയത്തിലാണെന്നും അവളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് തന്റെ കൂടെ ഇറങ്ങി വന്നതെന്നും അസീം കോടതിയെ അറിയിച്ചു. തന്നെ കേസിൽ കുടുക്കിയതാണെന്നാണ് അസീമിന്റെ വാദം.
എന്നാൽ അസീമും അയാളുടെ കുടുംബാംഗങ്ങളും ഇസ്ലാമിലേക്ക് മതംമാറാൻ തന്നെ നിർബന്ധിച്ചതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. തന്ന ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹർജിക്കാരന്റെ വാദങ്ങൾ കോടതി തള്ളിയത്.