ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ സിബിഐയുടെ മറുപടി തേടിയ സുപ്രീംകോടതി, കേസ് ഈ മാസം 23ലേക്ക് മാറ്റി. അറസ്റ്റും റിമാൻഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പത്ത് ദിവസത്തിനകം സിബിഐ മറുപടി നൽകണമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.
സിബിഐയുടെ മറുപടി ലഭിച്ച ശേഷമായിരിക്കും കേസിൽ അടുത്ത വാദം കേൾക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ കേസിൽ കെജ്‌രിവാളിന് ജാമ്യം ലഭിച്ചതാണെന്ന്, അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ അഭിഷേക് സിംഗ്വി ചൂണ്ടിക്കാണിച്ചു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ കെജ്‌രിവാളിന് ജയിൽമോചിതനാകാൻ കഴിയുകയുള്ളു. കേസ് രജിസ്റ്റർ ചെയ്ത് 1 വർഷവും 10 മാസവും കഴിഞ്ഞ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത് ദുരുദ്ദേശത്തോടെയാണെന്നാണ് അഭിഷേക് സിംഗ്വിയുടെ വാദം.
മദ്യനയ അഴിമതിക്കേസിൽ ഇഡിയുടെ കസ്റ്റഡിയിലിരിക്കെ ജൂൺ 26നാണ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ജൂലൈ 12ന് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത് മൂലമാണ് ജയിൽ മോചനം ലഭിക്കാതിരുന്നത്. പിന്നാലെ ഇത് ചോദ്യം ചെയ്ത് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ഹർജി തള്ളുകയായിരുന്നു. പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.