തൃശൂർ: കഴിഞ്ഞ തവണത്തെ തൃശൂർ പൂരത്തിന്റെ വേദന താൻ അറിഞ്ഞതാണെന്നും കോടതി പറയാത്ത കാര്യങ്ങൾ പോലും അരങ്ങേറിയെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ കളക്ടറേറ്റിൽ കേന്ദ്രമന്ത്രി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അപകടരഹിതമായ അന്തരീക്ഷമുണ്ടെങ്കിൽ തൃശൂരിൽ ശിവകാശി മോഡലിന് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിന് മുന്നോടിയായി തൃശൂരിലെ പടക്ക നിർമ്മാണശാലകൾ കേന്ദ്രമന്ത്രി സന്ദർശിച്ചിരുന്നു.
തൃശൂർ പൂരത്തിൽ പഴയകാല പൂരത്തിന്റെ പുനഃസ്ഥാപനമാണ് നടക്കുകയെന്നും അത് നവസ്ഥാപനമായിരിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. പൂരത്തിന്റെ നവ നടത്തിപ്പിനു വേണ്ടിയുള്ള വിവരശേഖരണം നടത്തി. ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രതിനിധികളുടെയും നിർദ്ദേശങ്ങൾ സ്വീകരിച്ചു. ഇതിനു മുന്നോടിയായി പടക്ക നിർമ്മാണശാലകളും സന്ദർശിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ജനരോഷം ഒഴിവാക്കിയുള്ള നവ നടത്തിപ്പ് ആയിരിക്കും ഇനിയുള്ള തൃശൂർ പൂരം. കഴിഞ്ഞ തൃശൂർ പൂരത്തിന്റെ വേദന താനും കൂടി അറിഞ്ഞതാണ്. അത് പരിഹരിക്കാൻ വന്നപ്പോൾ ഉണ്ടായ ബുദ്ധിമുട്ട് താനും നേരിട്ട് കണ്ടതാണ്. കോടതി പറയാത്ത കാര്യങ്ങൾ പോലും അരങ്ങേറി. അപകടരഹിതമായ അന്തരീക്ഷമുണ്ടെങ്കിൽ തൃശൂരിൽ ശിവകാശി മോഡലിന് ശ്രമിക്കും. ഇന്റർനാഷണൽ ടൂറിസത്തിന് സാധ്യമായ പശ്ചാത്തലം ഇവിടെ ഒരുങ്ങേണ്ടതുണ്ട്. ഒരു പെർഫെക്ട് പൂരം, അപകടരഹിതമായ സ്വാതന്ത്ര്യമുള്ള പൂരം, പഴയകാല പൂരത്തിന്റെ പുനസ്ഥാപനമാണ് ഇനി നടക്കുകയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഉദ്യോഗസ്ഥർക്കൊപ്പം വടക്കുംനാഥ ക്ഷേത്രമൈതാനി സന്ദർശിച്ച കേന്ദ്രമന്ത്രി കാര്യങ്ങൾ വിലയിരുത്തിരുന്നു. യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് അദ്ദേഹം സമർപ്പിക്കും.