തിരുവനന്തപുരം: ഇന്ത്യയെ വിഭജിക്കാൻ കാരണക്കാരായ ഒരു പാർട്ടിക്ക് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തത്ര സ്വീകാര്യത ലഭിച്ച സംസ്ഥാനമാണ് കേരളമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വിഭജന ഭീകരതയുടെ സ്മൃതി ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ മുറിവുകൾ 78 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും അവശേഷിക്കുന്നുവെന്ന് പറയേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ വിഭജനത്തിന്റെ കെടുതികൾ വളരെ കുറച്ച് അനുഭവിച്ചിട്ടുളള ഒരു നാട്ടിലാണ് നാം ജീവിക്കുന്നത്. എന്നാൽ വിഭജനത്തെക്കുറിച്ചുളള ഓർമ്മകൾ വിസ്മരിക്കാൻ നമുക്ക് കഴിയില്ല. ചത്ത കുതിര എന്ന് നെഹ്‌റു വിശേഷിപ്പിച്ച മുസ്ലീം ലീഗ് സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി കേരളം സന്ദർശിക്കാനെത്തിയ ആദ്യ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ഒരു ഇലക്ട്രിക് പോസ്റ്റിൽ പച്ചക്കൊടി കണ്ടപ്പോൾ അത് ഏതാണെന്ന് ചോദിച്ചു. മുസ്ലീം ലീഗിന്റെ കൊടിയാണെന്ന് പറഞ്ഞപ്പോൾ ഗൺമാനോട് പറഞ്ഞ് വണ്ടി നിർത്തി ആ കൊടി അഴിപ്പിക്കൂ എന്ന് പറഞ്ഞ ചരിത്രം നമുക്കുണ്ടെന്ന് കെ സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.
മുസ്ലീം ലീഗ് ഒരു സെക്യുലർ പാർട്ടിയെന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ സെക്യുലറിസം എന്ന് പറയുന്നത് ഇവിടുത്തെ പ്രധാന രാഷ്‌ട്രീയകക്ഷികളുടെയും മാദ്ധ്യമനിരൂപകൻമാരുടെയും സാമൂഹ്യസാംസ്‌കാരിക നായകൻമാരുടെയുമൊക്കെ വിഷയത്തിന് അനുസരിച്ചാണ്. ഗാസയിലേക്ക് നോക്കാൻ അവർക്ക് കണ്ണുകളുണ്ട്. ബംഗ്ലാദേശിലേക്ക് ഒരിക്കലും അവരുടെ കണ്ണുകൾ എത്തില്ല. ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾ അവർ കാണുന്നേ ഇല്ല.
ബംഗ്ലാദേശിൽ അതിഭീകരമായ ഹിന്ദു വംശഹത്യ ഒരാഴ്ചയിലധികമായി നടക്കുകയാണ്. എന്നാൽ അതിനെതിരെ മെഴുകുതിരി ജാഥയില്ല, സാഹിത്യ നായകൻമാരുടെ സംവാദ സദസ്സുകളില്ല, പ്രമേയമില്ല, ബംഗ്ലാദേശിനെക്കുറിച്ച് ഒരു ചെറിയ കവിത പോലും ഇല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ആയിരക്കണക്കിന് ആളുകളാണ് കൂട്ടപ്പലായനം ചെയ്യുന്നത്. ഗാസയിലേക്ക് ഇവിടുത്തെ മിക്ക മലയാള മാദ്ധ്യമ സ്ഥാപനങ്ങളും പ്രതിനിധികളെ അയച്ചു. എന്നാൽ ബംഗ്ലാദേശിലേക്ക് ഒരു സ്ഥാപനവും റിപ്പോർട്ടർമാരെ അയച്ചിട്ടല്ല. കേരളം എന്നും അങ്ങനെയാണ്. പതിറ്റാണ്ടുകളോളം സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ച പാർട്ടിയാണ് സിപിഎം. സ്വാതന്ത്ര്യദിന സമയത്ത് ദേശീയപതാക താഴ്‌ത്തി അവിടെ കരിങ്കൊടി കെട്ടിയ ചരിത്രം അവരുടെ പ്രവർത്തകർക്കുണ്ട്.
നമ്മുടെ എല്ലാ രംഗങ്ങളിലും ഭിന്നിപ്പിച്ചുകൊണ്ടാണ് ബ്രിട്ടീഷുകാർ അധികാരം കൈയ്യടക്കിയത്. അല്ലാതെ പട്ടാള ശക്തികൊണ്ട് മാത്രമായിരുന്നില്ല. നമ്മൾ ലോകം കീഴടക്കിയത് അറിവിന്റെ ഔന്നത്യം കൊണ്ടാണ്. അതുകൊണ്ടാണ് മോദി അധികാരത്തിലെത്തിയപ്പോൾ ദേശീയ വിദ്യാഭ്യാസ നയം ആവിഷ്‌കരിച്ചത്. എന്നാൽ ആ നയം ഇവിടെ നടപ്പാക്കാനാകില്ലെന്ന പ്രതിലോമ ചിന്തയാണ് ഇവിടുത്തെ ഭരണാധികാരികൾക്കുളളത്.
സ്വാതന്ത്ര്യം നേടിത്തന്നത് ഞങ്ങളും ഒരു കുടുംബവുമാണ് എന്ന് അവകാശപ്പെടുന്ന പാർട്ടി എന്താണ് രാജ്യത്തിന് വേണ്ടി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ബ്രിട്ടീഷുകാർ പോലും ചെയ്യാത്ത പാതകമാണ് കോൺഗ്രസും അവരുടെ നേതാവ് രാഹുൽ ഗാന്ധിയും രാജ്യത്ത് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ജനം ടി വി മാനേജ്‌മെന്റ് അഡ്‌വൈസറും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ ജി.കെ സുരേഷ് ബാബു വിഭജന സ്മൃതിദിന സന്ദേശം നൽകി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി. വി. രാജേഷ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, തുടങ്ങിയവര്‍ പങ്കെടുത്തു.