ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന 78ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. രാജസ്ഥാനി ലെഹരിയ പ്രിന്റ് ഉള്ള തലപ്പാവ് ആയിരുന്നു ഇതിലെ പ്രധാന ആകർഷണം. വെള്ള നിറത്തിലുള്ള കുർത്തയും നീല നിറത്തിലുള്ള ബന്ദ്ഗാല ജാക്കറ്റുമാണ് അദ്ദേഹം ധരിച്ചത്.
2014 മുതലുള്ള എല്ലാ സ്വാതന്ത്ര്യ ദിനങ്ങളിലും രാജ്യത്തിന്റെ വൈവിധ്യം വിളിച്ചോതുന്നതും, നിറയെ വർണ്ണങ്ങളുള്ളതുമായ തലപ്പാവുകളാണ് അദ്ദേഹം ധരിച്ച് വരുന്നത്. സാംസ്‌കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന വേഷം ധരിക്കുക എന്ന പതിവ് ആവർത്തിച്ചു കൊണ്ടാണ് ലെഹരിയ പ്രിന്റുള്ള തലപ്പാവ് ഉപയോഗിച്ചത്. ഓറഞ്ച്, മഞ്ഞ, പച്ച എന്നീ നിറങ്ങളാണ് ഇതിലുള്ളത്. രാജസ്ഥാനാണ് ലെഹരിയ പ്രിന്റ് വസ്ത്രങ്ങളുടെ പ്രധാന കേന്ദ്രം. താർ മരുഭൂമിയിൽ കാണപ്പെടുന്ന പ്രകൃതിദത്ത പാറ്റേണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലെഹരിയ ഡിസൈൻ തയ്യാറാക്കുന്നത്.
കഴിഞ്ഞ വർഷം രാജസ്ഥാനി ബാന്ദ്‌നി പ്രിന്റ് ഉള്ള തലപ്പാവ് ആണ് പ്രധാനമന്ത്രി ഉപയോഗിച്ചത്. ഇതിനൊപ്പം ഓഫ് വൈറ്റ് നിറത്തിലുള്ള കുർത്തയും, കറുത്ത നിറത്തിലുള്ള വി നെക്ക് ജാക്കറ്റ് ആയിരുന്നു ധരിച്ചത്. മഞ്ഞ, പച്ച, ചുവപ്പ് എന്നീ നിറങ്ങളോടെയുള്ള തലപ്പാവായിരുന്നു ഇത്. 2022ൽ ദേശീയപതാകയുടെ നിറങ്ങൾ ചേർന്ന വെള്ള തലപ്പാവും, 2021ൽ ചുവപ്പ്-കാവി നിറങ്ങൾ കലർന്ന തലപ്പാവും, 2020ൽ കാവി ക്രീം നിറങ്ങളുള്ള തലപ്പാവുമാണ് പ്രധാനമന്ത്രി ധരിച്ചത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് പുറമെ റിപ്പബ്ലിക് ദിനത്തിലും പ്രധാനമന്ത്രിയുടെ വസ്ത്രധാരണത്തിൽ ആദ്യം ശ്രദ്ധ നേടുന്നത് തലപ്പാവുകളാണ്.















