ന്യൂഡൽഹി: 78ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി നടത്തിയത് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം. തന്റെ തന്നെ റെക്കോർഡാണ് അദ്ദേഹം ഇക്കുറി മറികടന്നത്. 98 മിനിറ്റ് സമയമാണ് ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത്. പ്രധാനമന്ത്രി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ ശരാശരി 82 മിനിറ്റാണ്.
2016ൽ നടത്തിയ 96 മിനിറ്റ് പ്രസംഗത്തിന്റെ റെക്കോർഡാണ് ഇത്തവണ മറികടന്നത്. അദ്ദേഹം നടത്തിയ ഏറ്റവും ചെറിയ പ്രസംഗം 2017ലാണ്. 56 മിനിറ്റാണ് അന്ന് സംസാരിച്ചത്. 2014ൽ 65 മിനിറ്റ് നീണ്ടു നിന്ന പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്. 2015ൽ ഇത് 88 മിനിറ്റായിരുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്രമോദിയുടെ 11ാം പ്രസംഗവും മൂന്നാം വട്ടവും അധികാരമേറ്റതിന് ശേഷമുള്ള ആദ്യ പ്രസംഗവുമായിരുന്നു ഇക്കുറി.
2018ൽ ചെങ്കോട്ടയിൽ നിന്ന് 83 മിനിറ്റ് അദ്ദേഹം സംസാരിച്ചു. 2019ൽ 92 മിനിറ്റ് സമയമാണ് സംസാരിച്ചത്. രണ്ടാമത്തെ ദൈർഘ്യമേറിയ പ്രസംഗമായിരുന്നു ഇത്. ഇനി ഇത് മൂന്നാം സ്ഥാനത്തേക്ക് എത്തും. 2020ൽ 90 മിനിറ്റും, 2021ൽ 88 മിനിറ്റും, 2022ൽ 74 മിനിറ്റും, 2023ൽ 90 മിനിറ്റും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചു.
നരേന്ദ്രമോദിക്ക് മുൻപ് മുൻ പ്രധാനമന്ത്രിമാരായിരുന്ന ജനഹർലാൽ നെഹ്‌റുവും ഐ.കെ.ഗുജ്‌റാളും നടത്തിയ പ്രസംഗങ്ങളായിരുന്നു ഏറ്റവും ദൈർഘ്യമേറിയത്. 1947ൽ ജവഹർലാൽ നെഹ്‌റു 72 മിനിറ്റും, 1997ൽ ഐ.കെ.ഗുജ്‌റാൾ 71 മിനിറ്റുമാണ് സംസാരിച്ചത്. ഏറ്റവും ദൈർഘ്യം കുറഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തിയത് ജവഹർലാൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയുമാണ്. 1954ൽ നെഹ്‌റുവും 1966ൽ ഇന്ദിരാ ഗാന്ധിയും നടത്തിയ പ്രസംഗങ്ങൾ 14 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. മൻമോഹൻ സിങ്ങും, അടൽ ബിഹാരി വാജ്‌പേയിയും ചെറിയ സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തിയിട്ടുള്ളവരാണ്. 2012, 13 വർഷങ്ങളിൽ മൻമോഹൻ സിങ്ങിന്റെ പ്രസംഗങ്ങൾ യഥാക്രമം 32,35 മിനിറ്റ് വീതമാണ് നീണ്ടുനിന്നത്. 2002ലും 2003ലും വാജ്‌പേയി നടത്തിയ പ്രസംഗങ്ങൾ 25 മിനിറ്റും 30 മിനിറ്റും മാത്രമാണ് ഉണ്ടായിരുന്നത്.















