ന്യൂഡൽഹി: വർഗീയ സിവിൽ കോഡ് തൂത്തെറിയേണ്ട സമയമായെന്നും ഭാരതത്തിന് ഏകീകൃത സിവിൽ കോഡ് (Uniform Civil Code-UCC) അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 78-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദിയുടെ വാക്കുകൾ. മതേതര സിവിൽ കോഡ് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ചർച്ചകൾ സുപ്രീംകോടതിയിൽ നിരവധി തവണ നടന്നതാണ്. ഇന്ന് നിലനിൽക്കുന്ന സിവിൽ കോഡ് വർഗീയമാണെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുന്നു, അത് യാഥാർത്ഥ്യവുമാണ്. ഇത്തരമൊരു വർഗീയ സിവിൽ കോഡിലാണ് കഴിഞ്ഞ 75 വർഷമായി നാം ജീവിക്കുന്നത്. മതപരമായ വിവേചനം ഇല്ലാതാക്കാൻ മതേതരമായ സിവിൽ കോഡ് അത്യന്താപേക്ഷിതമാണെന്നും ഈ സമയത്ത് രാജ്യത്തിന് ആവശ്യമായിട്ടുള്ള ഒന്നാണ് മതേതര സിവിൽ കോഡെന്നും പ്രധാനമന്ത്രി പറഞ്ഞു.
സുപ്രീം കോടതിയും ഭരണഘടനയും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ആവശ്യപ്പെടുന്നു. നമ്മുടെ ഭരണഘടന തയ്യാറാക്കിയവരുടെ സ്വപ്നമായിരുന്നു ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് യാഥാർത്ഥ്യമാവുകയെന്നത്. അതുകൊണ്ട് അത് നടപ്പിലാക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്വമാണ്. മതപരമായ സിവിൽ കോഡിന് ആധുനിക സമൂഹത്തിൽ സ്ഥാനമില്ലെന്നും ഏകീകൃത സിവിൽ കോഡെന്ന വിഷയത്തിൽ ഇനിയും രാജ്യവ്യാപകമായി ചർച്ചകൾ ഉയരേണ്ടതുണ്ടെന്നും അതിനായി എല്ലാവരും മുന്നോട്ട് വരണമെന്നും മോദി ആവശ്യപ്പെട്ടു.















