ഗുവാഹത്തി: 78-ാം സ്വാതന്ത്ര്യദിനാഘോഷത്തെ തകിടം മറിക്കാൻ അസമിലെമ്പാടും ബോംബുകൾ സ്ഥാപിച്ചിരുന്നുവെന്ന അവകാശവാദവുമായി നിരോധിത ഗ്രൂപ്പായ യുണൈറ്റഡ് ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്റ് (ULFA-I). സംസ്ഥാനത്തെ 24 സ്ഥലങ്ങളിൽ ബോംബ് സ്ഥാപിച്ചിരുന്നുവെന്നും സാങ്കേതികമായ ചില തടസങ്ങൾ നേരിട്ടതിനാൽ ആക്രമണം നടത്താനുള്ള പദ്ധതി പിൻവലിക്കുകയായിരുന്നുവെന്നും സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു.
അപ്പർ അസമിലെ ശിവസാഗർ, ദിബ്രുഗഡ്, ഗുവാഹത്തി എന്നിവിടങ്ങളിലും ലോവർ അസമിലുമാണ് ബോംബുകൾ സ്ഥാപിച്ചിരുന്നതെന്നും സംഘടന അവകാശപ്പെട്ടു. ബോംബ് സ്ഫോടനങ്ങളിലൂടെ ULFA-Iയുടെ ശക്തി തെളിയിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. രാവിലെ ആറ് മണി മുതൽ ഉച്ചയ്‌ക്ക് 12 മണി വരെ 24 ഇടങ്ങളിലായി ബോംബ് പൊട്ടുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തിയിരുന്നു. എന്നാൽ ചില സാങ്കേതിക തടസങ്ങളുണ്ടായി. അതിനാൽ ശ്രമം പിൻവലിക്കുകയായിരുന്നുവെന്നും ULFA-I പ്രസ്താവനയിലൂടെ അറിയിച്ചു.
ബോംബ് വച്ച 24 സ്ഥലങ്ങളുടെയും പട്ടിക ULFA-I പുറത്തുവിട്ടിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ ബോംബുകൾ കണ്ടെത്തി അധികൃതർക്ക് നിർവീര്യമാക്കാമെന്നാണ് ULFA-I പറയുന്നത്. രാവിലെ 11.30ഓടെയാണ് ഇത്തരമൊരു പ്രസ്താവന സംഘടന പുറത്തുവിട്ടത്. ബോംബ് വച്ചതായി പറയപ്പെടുന്ന സ്ഥലങ്ങളുടെ ഫോട്ടകളും ഒപ്പം പങ്കുവച്ചിരുന്നു.
“പരമാധികാര അസം” എന്ന ആവശ്യവുമായി 1979ൽ രൂപീകരിച്ച വിഘടനവാദ സംഘടനയാണ് ഉൾഫ. എന്നാൽ ഉൾഫയിലെ ഒരു വിഭാഗം (ചെയർമാൻ അരബിന്ദ രാജ്ഖോവയുടെ നേതൃത്വത്തിലുള്ള സംഘം) ഏതാനും മാസങ്ങൾക്ക് മുമ്പ് അസം സർക്കാരുമായി സമാധാന കരാറിൽ ഒപ്പുവച്ചിരുന്നു. ഭീകരപ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുന്നതായും സംഘടന അറിയിച്ചു. എന്നാൽ പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫ-I എന്ന വിഭാഗം ഇതിന്റെ ഭാഗമായിരുന്നില്ല. ഇവരാണ് നിലവിൽ ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് പ്രസ്താവന ഇറക്കിയത്.















