സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് താമസയിടത്തേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു. ഉത്തരാഖണ്ഡിലാണ് ദാരുണമായ സംഭവം. ജൂലായ് 30ന് വൈകിട്ട് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവതിയാണ് കൊല്ലപ്പെട്ടത്. 9 ദിവസത്തിന് ശേഷമാണ് ഇവരുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. സംഭവത്തിൽ പൊലീസ് പ്രതിയെ രാജസ്ഥാനിൽ നിന്ന് പിടികൂടി.
വൈകിട്ട് ഇന്ദ്രാ ചൗക്കിൽ നിന്ന് യുവതി ഇ-റിക്ഷയിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എന്നാൽ ഇവർ വാടകയ്‌ക്ക് താമസിക്കുന്ന കാശിപൂരിലെ അപ്പാർട്ട്മെന്റിൽ എത്തിയിരുന്നില്ല. ഇവിടെ 11 വയസുകാരിയായ മകൾക്കൊപ്പമാണ് ഇവർ കഴിഞ്ഞിരുന്നത്.
തൊട്ടടുത്ത ദിവസം നഴ്സിന്റെ സഹോദരി പരാതി നൽകി. എട്ടു ദിവസത്തിന് ശേഷം ഓഗസ്റ്റ് എട്ടിന് ഉത്തർപ്രദേശ് പൊലീസ് യുവതിയുടെ മൃതദേഹം വിജനമായ ഒരു പ്രദേശത്ത് കണ്ടെത്തി. ഇവരുടെ വീടിന് ഒന്നര കിലോമീറ്റർ അകലെയായിരുന്നു ഇത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ച പൊലീസ്. അന്വേഷണത്തിനായി ഒരു ടീമിന് രൂപം നൽകി. മോഷണം പോയ യുവതിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ധർമേന്ദ്ര എന്നയാളെ പൊലീസ് പിടികൂടി. ബറേലിയിലെ കൂലിപ്പണിക്കാരനായിരുന്നു പ്രതി.
മദ്യലഹരിയിലായിരുന്ന പ്രതി യുവതിയെ കാണുകയും പിന്തുടർന്ന് ആക്രമിക്കുകയുമായിരുന്നു. അപ്പാർട്ട്മെന്റിലേക്ക് കയറാൻ നിൽക്കുമ്പോൾ അവളെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി. ശേഷം തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. യുവതിയുടെ മൊബൈലും പഴ്സിലുണ്ടായിരുന്ന 3,000 രൂപയും ഇയാൾ കവർന്നു.കൊൽക്കത്തിയിലെ ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലയ്‌ക്ക് പിന്നാലെയാണ് വീണ്ടും അതിദാരുണമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്.