ബഹ്‌റിൻ/ദുബായ്; ഗൾഫ് നാടുകളിലെ പ്രവാസികളും ഭാരതത്തിന്റെ എഴുപത്തിയെട്ടാം
സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ഓരോ സ്ഥലങ്ങളിലും സംഘടിപ്പിച്ചിരുന്നത്. എംബസികളിലും കോൺസുലേറ്റുകളിലും ദേശീയപതാക ഉയർത്തി. ദേശഭക്തിയുണർത്തുന്ന കലാപരിപാടികൾ അഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ബഹ്റൈനിലെ എംബസി അങ്കണത്തിൽ സ്ഥാനപതി വിനോദ് കെ ജേക്കബ് ദേശീയപതാക ഉയർത്തി . തുടർന്ന് രാഷ്‌ട്രപതിയുടെ സന്ദേശം വായിച്ചു. ഭാരതത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന ബഹ്റൈൻ ഭരണാധികാരികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഇന്ത്യൻ ക്ലബ്, ബഹ്റൈൻ കേരളീയ സമാജം കൂടാതെ നിരവധി പ്രവാസി സംഘടനകൾ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
അബുദബിയിലെ ഇന്ത്യൻ എംബസിയിൽ സ്ഥാനപതി സഞ്ജയ് സുധീർ ദേശീയപതാക ഉയർത്തി. തുടർന്ന് രാഷ്‌ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശവും വായിച്ചു. മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ സ്ഥാനപതി അമിത് നാരംഗ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. രാഷ്‌ട്രപതിയുടെ സന്ദേശം വായിച്ചതിനൊപ്പം മസ്‌കത്തിലെ വാദി കബീറിലുണ്ടായ വെടിവെപ്പിൽ ജീവൻപൊലിഞ്ഞവരെയും പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു
ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ടീം വിഷ്വൽ സൊല്യൂഷൻ ഗ്രൂപ്പ് ഓഫ് കമ്പനീസിൽ തൊഴിലാളികൾക്കായി സ്വാതന്ത്ര്യദിനാഘോഷം ആഘോഷം നടന്നു. വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ചായിരുന്നു പരിപാടി. ആഘോഷത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ,ടീം വിഷ്വൽ സൊല്യൂഷൻ ഉടമകളായ സുബ്രമണി ബാലകൃഷ്ണൻ, ബിന്ദു സുബ്രമണി, വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജണൽ പ്രസിഡന്റ് വിനേഷ് മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. വിവിധ കലാപരിപാടികളും അരങ്ങേറി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യൻ ജനതയ്‌ക്കും ആശംസ അറിയിച്ചു. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനും സൗഹൃദം ശക്തിപ്പെടുത്തുന്നതിനും യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ, കിരീടാവകാശി ഷെയ്ഖ് സബ്ഹ ഖാലിദ് അൽ ഹമദ് അൽ സബ്ഹ പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദുല്ല അൽ അഹമദ് അൽ സബ്ഹ, ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി തുടങ്ങിയവർ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് ആശംസാസന്ദേശം അയച്ചു. കുവൈറ്റ് എംബസിയിൽ ഉൾപ്പെടെ ദേശീയപതാകയുമായി പ്രവാസികൾ ആഘോഷിക്കാൻ നേരിട്ടെത്തിയിരുന്നു.













