കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിൽ സിബിഐ. കോളേജിലെ അഞ്ച് ഡോക്ടർമാരെ ചോദ്യം ചെയ്തു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി സിബിഐ പറഞ്ഞതായി കൊല്ലപ്പെട്ട യുവതിയുടെ പിതാവ് പറഞ്ഞു.
യുവതിയുടെ മരണത്തിന് പിന്നാലെ മമത സർക്കാർ യുവതിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് തങ്ങൾക്ക് ആവശ്യമില്ലെന്നും മകൾക്ക് നീതി കിട്ടണമെന്നും പിതാവ് പറഞ്ഞു. രാജ്യവ്യാപകമായി പ്രതിഷേധം നടത്തി തനിക്കൊപ്പം നിൽക്കുന്ന എല്ലാ ആളുകൾക്കും അദ്ദേഹം നന്ദി അറിയിച്ചിരുന്നു.
വനിതാ ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് പുറത്ത് നിന്നെത്തിയ സംഘം തെളിവുകൾ നശിപ്പിക്കാൻ കോളേജ് അടിച്ചു തകർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് മമത ബാനർജിയുടെ വീട്ടിലേക്ക് മാർച്ച് നടത്തും. കേസ് അന്വേഷിക്കുന്നതിൽ തുടക്കം മുതൽ തന്നെ മമത സർക്കാരിന്റെ മെല്ലെപോക്ക് ബിജെപി ചോദ്യം ചെയ്തിരുന്നു.
സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ കേസ് സിബിഐയ്‌ക്ക് കൈമാറുകയായിരുന്നു. കൂടുതൽ പേരെ വിശദമായി ചോദ്യം ചെയ്യുമെന്നും പരമാവധി തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ അറിയിച്ചു.















