ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുള്‍ ഇലക്ട്രിക് ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. യാത്ര സമയം 25 ശതമാനം മുതല്‍ 45 ശതമാനം വരെ ലഘൂകരിക്കാൻ കഴിയുന്ന വന്ദേഭാരതിന്റെ (ഐ.സി.എഫ്) രൂപ കല്‍പ്പനയും നിര്‍മാണവും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് . മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയുടെ സാങ്കേതിക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലും അതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനാണ് ട്രെയിനിന് വന്ദേ ഭാരത് എക്സ്പ്രസ് എന്ന പേര് നല്‍കിയത്.
ഇപ്പോൾ രാജ്യത്തിന്റെ അഭിമാനമായ വന്ദേ ഭാരതിന് കയറ്റുമതി സാദ്ധ്യതകളും വന്നിരിക്കുകയാണ് . നിരവധി വിദേശ രാജ്യങ്ങൾ ഇതിനായി ഇന്ത്യയെ സമീപിച്ചിരിക്കുകയാണ് . സർക്കാർ ഉടമസ്ഥതയിലുള്ള ഹെവി എക്യുപ്മെൻ്റ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ (ബിഇഎംഎൽ) ഇതിനായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. മെട്രോ ട്രെയിനുകൾ കയറ്റുമതി ചെയ്ത് ആഗോളതലത്തിൽ വിപണി വിപുലീകരിക്കാനാണ് ശ്രമിക്കുന്നത്. മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ എന്നിവയാണ് പ്രത്യേകിച്ചും ലക്ഷ്യമിടുന്നത്.
പല രാജ്യങ്ങളും ഈ ട്രെയിനിനോട് താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം. വിദഗ്ധരുടെ അഭിപ്രായത്തിൽ, കുറഞ്ഞ വിലയും നിരവധി സവിശേഷതകളും കാരണമാണ് വന്ദേ ഭാരത് വിദേശ രാജ്യങ്ങളിലും പ്രശസ്തമാകാൻ തുടങ്ങിയത് . കയറ്റുമതി സംബന്ധിച്ചും , സാങ്കേതിക വിദ്യ കൈമാറ്റം സംബന്ധിച്ചുമൊക്കെയുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് റെയിൽ വേ വൃത്തങ്ങൾ പറയുന്നു .
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ പ്രോട്ടോടൈപ്പ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ബിഇഎംഎൽ ഇപ്പോൾ. ഏതാനും മാസങ്ങൾക്കുള്ളിൽ ട്രെയിൻ നിർമിച്ച് പുറത്തിറക്കും. ഇത്തരത്തിൽ കയറ്റുമതി നിലവിലെ നാല് ശതമാനത്തിൽ നിന്ന് പത്ത് ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത് .
‘ ആഗോള വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രത്യേകിച്ചും കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് മുൻഗണന നൽകുന്നു. പുതുതായി സജ്ജീകരിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി, വളർച്ച വർദ്ധിപ്പിക്കുന്നതിന് അതിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് BEML-ൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഖനനം, നിർമാണം, പ്രതിരോധം, റെയിൽ, മെട്രോ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിന്റെ ഭാഗമായി ഈ വകുപ്പുകൾക്കായി 11 സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകൾ (എസ്ബിയു) സ്ഥാപിച്ചു.‘- ബിഇഎംഎൽ ചെയർമാൻ ശന്തനു റോയ് പറഞ്ഞു.