കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് സിബിഐ. സിബിഐ ജോയിന്റ് ഡയറക്ടർ വി.ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടാണ് യുവതിയുടെ സോദേപൂരിലുള്ള വീട്ടിലെത്തിയത്. ഒരു മണിക്കൂറിലേറെ സമയമാണ് അന്വേഷണസംഘം വീട്ടിൽ ചെലവഴിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും, മാതാപിതാക്കളുടെ മൊഴിയെടുത്തതായും ചന്ദ്രശേഖർ അറിയിച്ചു.
തങ്ങളുടെ കൈവശമുള്ള രേഖകൾ സിബിഐക്ക് കൈമാറിയതായും യുവതിയുടെ പിതാവ് പറഞ്ഞു. മകളുടെ മരണത്തിന് നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളിൽ നന്ദി ഉണ്ടെന്നും യുവതിയുടെ പിതാവ് വ്യക്തമാക്കി. മകളുടെ ചിത്രങ്ങൾ മോശമായ രീതിയിൽ പങ്കുവയ്‌ക്കരുതെന്നും, പേര് പരാമർശിക്കുകയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
” എനിക്ക് എന്റെ മകളെ നഷ്ടമായി, പക്ഷേ പതിനായിരക്കണക്കിന് പെൺമക്കൾ ഇപ്പോൾ എന്നോടൊപ്പമുണ്ട്. മകളുടെ കൊലപാതകത്തിൽ നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സംഭവമുണ്ടായ അന്ന് രാവിലെ 10.53ഓടെ മകൾ ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ് ആശുപത്രി സൂപ്രണ്ടിന്റെ ഫോൺ സന്ദേശം ലഭിച്ചു. ഞങ്ങൾ ഉടനെ തന്നെ ആശുപത്രിയിൽ എത്തിയെങ്കിലും ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയോടെ മാത്രമാണ് മകളുടെ മൃതദേഹം കാണാൻ സാധിച്ചത്. ഞങ്ങളെ അത് വളരെ അധികം സമ്മർദ്ദത്തിലാക്കി. ചിലർ അവളുടെ വാഹനം നശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സംഭവത്തിന് പിന്നാലെ വീട്ടിൽ വന്നിരുന്നു. സഞ്ജയ് റോയിക്ക് സംഭവത്തിൽ പങ്കുണ്ടാകാൻ സാധ്യതയില്ലെന്നാണ് അവർ പറഞ്ഞത്. സിബിഐ അന്വേഷണം വേണമെന്ന് മമത ബാനർജി തന്നെയാണ് പറഞ്ഞത്. അത് വേഗത്തിൽ സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ കോടതിയെ സമീപിച്ചത്. കൊലപാതകത്തിൽ ആശുപത്രിയിലുള്ള പലർക്കും പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും” പിതാവ് വ്യക്തമാക്കി. രാജ്യത്തും വിദേശത്തുമായി നടക്കുന്ന പ്രതിഷേധങ്ങളെ തങ്ങൾ പൂർണമായും പിന്തുണയ്‌ക്കുമെന്നും യുവതിയുടെ അമ്മയും പറഞ്ഞു. എല്ലാവരേയും ഞങ്ങളുടെ സ്‌നേഹം അറിയിക്കുകയാണ്. അവരെ എല്ലാവരേയും സ്വന്തം മക്കളായി തന്നെ കാണുന്നുവെന്നും ഇവർ വ്യക്തമാക്കി.















