കൊല്ലം: കൊല്ലം കുണ്ടറയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുഷ്പലതയുടെ അച്ഛൻ ആൻ്റണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുഷ്പലതയുടേത് കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയോടെയാണ് പുഷ്പലതയെ കുണ്ടറ പടപ്പക്കരയിലെ വീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. പുഷ്പലതയെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് മകൾ അയൽവാസിയെ കൊണ്ട് അന്വേഷിപ്പിച്ചതിനെ തുടർന്നാണ് മരണ വിവരം പുറത്തറിയുന്നത്. പുഷ്പലതക്ക് സമീപത്തായി അച്ഛൻ ആൻ്റണിയെ പരിക്കേറ്റ നിലയിലും കണ്ടെത്തി.
പുഷ്പലതയുടെ മകൻ അഖിൽ ഇരുവരേയും നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസം മകൻ ഉപദ്രവിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി അഖിലിനെ താക്കീത് ചെയ്ത് വിട്ടിരുന്നു. ഒളിവിലായ അഖിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പുഷ്പലതയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.