ദുബായ്: യു.എ.ഇയിൽ കേസുകളിൽപ്പെട്ട് യാത്രാ വിലക്ക് നേരിടുന്നവർക്ക് ആശ്വാസവാർത്ത. കേസ് അവസാനിച്ചാൽ യാത്രാവിലക്ക് സ്വയം നീങ്ങുന്ന സംവിധാനം ഏർപ്പെടുത്തിയതായി നീതിന്യായ മന്ത്രാലയം അറിയിച്ചു.
നേരത്തെ യാത്രാവിലക്ക് നീക്കുന്നതിന് നിരവധി നടപടിക്രമങ്ങൾ പാലിക്കണമായിരുന്നു. ക്ലിയറൻസും ചില അനുബന്ധ രേഖകളും സമർപ്പിച്ചാലേ വിലക്ക് നീക്കാൻ സാധിച്ചിരുന്നുള്ളു. എന്നാൽ പുതിയ സംവിധാനത്തോടെ നടപടികളുടെ കാലതാമസം ഒരു ദിവസത്തിൽ നിന്ന് മിനിറ്റുകളിലേക്ക് ചുരുങ്ങും.
യാത്രാവിലക്ക് നീക്കാൻ ഇനി അപേക്ഷിക്കേണ്ടതില്ലെന്നും കേസ് തീർന്നാൽ യാത്രാ വിലക്ക് നീങ്ങുമെന്നും യുഎഇ നീതിന്യായ മന്ത്രാലയം അറിയിച്ചു. വിലക്ക് നീക്കാൻ പൂർത്തിയാക്കേണ്ടിയിരുന്ന ഒമ്പത് നടപടിക്രമങ്ങൾ ഇതോടെ പൂർണമായും ഇല്ലാതാകും. നേരത്തെ അപേക്ഷക്കൊപ്പം കേസ് അവസാനിച്ചതായ രേഖയും അനുബന്ധ രേഖകളും സമർപ്പിക്കണമായിരുന്നു. ഇനി മുതൽ ഇതൊന്നും ആവശ്യമുണ്ടാകില്ല.
നടപടികൾ പൂർത്തിയാക്കാനുള്ള സമയവും കുറഞ്ഞു. കേസുകൾ കഴിയുന്ന ഉടൻ യാത്രാ നിരോധനം നീക്കം ചെയ്യാനുള്ള നടപടികളിലേക്ക് കടക്കും. ഉദ്യോഗസ്ഥ തടസങ്ങൾ നീക്കി ഫെഡറൽ ഗവൺമെന്റ് സേവനങ്ങളുടെ ഫലപ്രാപ്തി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ആദ്യം ആരംഭിച്ച യുഎഇയുടെ സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് മന്ത്രാലയം അറിയിച്ചു.