ശബരിമല: സന്നിധാനത്ത് ഭസ്മക്കുളത്തിന് പകരം പുതിയ കുളം നിർമിക്കുന്നതിനായി സ്ഥാനം കണ്ടെത്തി കുറ്റിയടിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഉൾപ്പെടെയുളളവരുടെ സാന്നിധ്യത്തിൽ വാസ്തുശാസ്ത്ര വിജ്ഞാന കേന്ദ്രം അദ്ധ്യക്ഷൻ കെ. മുരളീധരനാണ് സ്ഥാനനിർണ്ണയം നടത്തിയത്.
വലിയ നടപ്പന്തലിന് സമീപം സ്റ്റേജിനോട് ചേർന്ന ഉയർന്ന പ്രദേശത്താണ് സ്ഥാനം കണ്ടിരിക്കുന്നത്. വടക്കുകിഴക്കേ ഭാഗത്തായി മീനം രാശിയിലാണ് പുതിയ കുളം. ഉച്ചയ്‌ക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ കുളത്തിന്റെ നിർമാണത്തിനായി കല്ലിടീലും നടക്കും. നിലവിലെ ഭസ്മക്കുളം ശരിയായ സ്ഥാനത്തല്ലെന്ന് വാസ്തുവിദ്യാ വിദഗ്ധൻ കൂടിയായ കെ മുരളീധരൻ പറഞ്ഞു.
ഭസ്മക്കുളം ക്ഷേത്ര ശരീരത്തിന്റെ ഭാഗമായതിനാൽ തന്ത്രിമാരുടെ അനുവാദത്തോടെയും നിർദ്ദേശങ്ങൾക്കനുസരിച്ചുമാണ് തീരുമാനമെടുത്തതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. ഇപ്പോഴുള്ള ഫ്‌ളൈ ഓവറിന് താഴെയായിരുന്നു മുമ്പ് ഭസ്മക്കുളത്തിന്റെ സ്ഥാനം. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നിലവിലുള്ള സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചത്. നിലവിലെ ഭസ്മകുളത്തിന്റെ പരിശുദ്ധിയും പവിത്രതയും സംബന്ധിച്ച വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് കുളം മാറ്റി സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
അതേസമയം ദേവസ്വം ബോർഡിന്റെ നീക്കത്തിൽ ഹൈന്ദവ സംഘടനകൾ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. ദേവപ്രശ്‌നവിധി പ്രകാരം മാളികപ്പുറം ഫ്‌ളൈ ഓവറിന്റെ താഴെയാണ് ഭസ്മക്കുളം ഉണ്ടായിരുന്നത്. അവിടെ പേരിനെങ്കിലും ഒരു കുളം വേണമെന്നതാണ് ഹൈന്ദവ സംഘടനകൾ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഇവിടെ ഇപ്പോൾ ഒരു ഓവുചാൽ മാത്രമാണുളളത്. പുതിയതായി പണിയുന്ന കുളത്തിനെ ഭസ്മക്കുളം എന്ന് വിളിക്കാനാകില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. അടുത്ത മണ്ഡലകാലത്തിനു മുമ്പ് പുതിയ കുളത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.