കൊച്ചി: പനിയും ശ്വസന തടസവും മൂലം നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത വ്യാജമെന്ന് സൂചന. പനി മൂലം മോഹൻലാൽ വിശ്രമത്തിലാണെന്നും അത് ആശുപത്രിയിൽ ചികിത്സ തേടി എന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് വിവരം. ഓൺലൈൻ മാദ്ധ്യമങ്ങളാണ് മോഹൻലാൽ ആശുപത്രിയിലെന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ചത്.
സിനിമാ നിരൂപകനും എഴുത്തുകാരനും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ എ ചന്ദ്രശേഖർ ആണ് വാർത്ത വ്യാജമാണെന്ന് സമൂഹമാധ്യമങ്ങൾ വഴി സൂചന നൽകിയത്. വിശ്രമിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് നേരത്തെ പങ്കെടുക്കാമെന്നേറ്റ ചടങ്ങിന്റെ സംഘാടകരെ വിളിച്ച് വിവരം പറയുകയാണ് ഉണ്ടായതെന്ന് അദ്ദേഹം കുറിച്ചു. ചികിത്സ തേടി മോഹൻലാൽ ഒരു ആശുപത്രിയിലും പോയതായി തനിക്ക് അറിവില്ലെന്നും എ ചന്ദ്രശേഖർ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“പ്രിയപ്പെട്ട ലാലേട്ടന് അസുഖമായി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന പത്രവാര്‍ത്ത വ്യാപകമായി പ്രചരിക്കുകയാണ് രണ്ടുദിവസമായി. എന്റെ നേരറിവില്‍ അദ്ദേഹം നേരിയ പനി മൂലം ഒരു ദിവസം വിശ്രമിക്കാന്‍ തീരുമാനിച്ചു എന്നതു സത്യം. പനിക്ക് ചികിത്സ തേടാന്‍ അദ്ദേഹം ഒരാശുപത്രിയിലും പോയതായി അറിവില്ല. ഫോണിലൂടെ തന്നെ വിശ്രമിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതനുസരിച്ച്, നേരത്തേ ഏറ്റ ഒരൗപചാരിക ചടങ്ങില്‍ നീണ്ട യാത്ര വേണ്ടെന്നു വച്ച് മുന്‍കൂട്ടി സംഘാടകരെ അറിയിക്കുകയാണുണ്ടായത്. പ്രശസ്തര്‍ക്ക് എന്തെങ്കിലും പറ്റി എന്നത് എപ്പോഴും ചൂടുള്ള വാര്‍ത്തയാണല്ലോ. നിരന്തരം വിമാനത്തില്‍ പോകുന്നവരും റോഡ് മാര്‍ഗേ പോകുന്നവരും അപകടത്തില്‍ മരിച്ചു എന്നു വാര്‍ത്ത വന്നിട്ടുള്ളതോര്‍ത്തുപോയി ഇതു കേട്ടപ്പോള്‍. അദ്ദേഹം എറണാകുളത്തെ വീട്ടില്‍ സ്വസ്ഥനായിരിക്കുന്നു. സത്യാനന്തരകാലത്ത് മാധ്യമങ്ങള്‍ വസ്തുതാപരിശോധനയില്‍ പുലര്‍ത്തേണ്ട അതിസൂക്ഷ്മതയിലേക്കു വിരല്‍ചൂണ്ടുന്നതായി ഈ സംഭവവും എന്നു പറയാതെ വയ്യ.”















