ദുബായിൽ ശമ്പള കുടിശിക ക്രിപ്റ്റോ കറൻസിയിലും നൽകാമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ച് കോടതി. ശമ്പള കുടിശിക ലഭിക്കുന്നില്ലെന്നു പരാതിപ്പെട്ട് തൊഴിലാളി നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
സാമ്പത്തിക കേസുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരാളുടെ ശമ്പള കുടിശിക ക്രിപ്റ്റോ കറൻസിയിൽ നൽകാൻ കോടതി വിധിച്ചിരിക്കുന്നത്.
ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് തൊഴിലാളിയുടെ ശമ്പള കുടിശിക ദിർഹത്തിലും ക്രിപ്റ്റോ കറൻസിയിലും നൽകണമെന്നും ജീവനക്കാരിയുമായി ഇത്തരത്തിൽ കമ്പനി നേരത്തെ ഉണ്ടാക്കിയ കരാർ നടപ്പാക്കണമെന്നും ഉത്തരവിട്ടിരിക്കുന്നത്.
കരാർ പ്രകാരം ദിർഹത്തിലും ക്രിപ്റ്റോ കറൻസിയിലും ശമ്പളം നൽകണമെന്നായിരുന്നു വ്യവസ്ഥ എന്നാൽ ആറുമാസത്തെ ശമ്പളയിനത്തിൽ 5,250 ഇക്കോവാട്ട് ടോക്കൺ നൽകുന്നതിൽ കമ്പനി വീഴ്ചവരുത്തുകയും തെറ്റായി രീതിയിൽ പിരിച്ചുവിട്ടുവെന്നും കാണിച്ചാണ് തൊഴിലാളി കോടതിയെ സമീപിച്ചത്. ക്രിപ്റ്റോ കറൻസിയിൽ നൽകുന്ന ശമ്പളത്തിന് നിയമസാധുതയുണ്ടെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.
അതൊടൊപ്പം ശമ്പളം ജീവനക്കാരന്റെ മൗലിക അവകാശമാണെന്നും രാജ്യത്തെ സിവിൽ ട്രാൻസാക്‌ഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അവകാശം സ്ഥാപിച്ചിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.ക്രിപ്റ്റോ കറൻസിയും നിയമ സാധുതയുള്ള ശമ്പളമായി ഉത്തരവിലൂടെ കോടതി അംഗീകരിക്കുകയാണ്. രാജ്യത്ത് 3000 ക്രിപ്റ്റോ കമ്പനികളിൽ പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്നുണ്ട്. അവർക്ക് വിധി കൂടുതൽ കരുത്താകും .