മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ക്ലാസിക് സിനിമയായ മണിച്ചിത്രത്താഴിന്റെ റീ റിലീസിന് വൻ സ്വീകാര്യത. റീ റിലീസ് ചെയ്ത ദിവസം മുതൽ തിയേറ്ററുകൾ ഹൗസ്ഫുളാണ്. നാഗവല്ലിയെയും നകുലനെയും സണ്ണിയെയുമൊക്കെ വീണ്ടും ബിഗ് സ്ക്രീനിൽ കണ്ടപ്പോൾ പ്രേക്ഷകരുടെ ആവേശം വാനോളമായിരുന്നു.
ഇതുവരെ 1.10 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. പ്രായഭേദമന്യേ പ്രേക്ഷകർക്ക് ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രം റീ റിലീസിനെത്തിയപ്പോൾ തിയേറ്ററുകളിൽ ആവേശത്തിന്റെ അലയടിച്ചു. 1993-ലാണ് മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത്. മധു മുട്ടം തിരക്കഥ ഒരുക്കിയ ചിത്രം ഫാസിലാണ് സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ഓരോ രംഗങ്ങളും മലയാളി പ്രേക്ഷകരുടെ മനസിൽ ചിരപ്രതിഷ്ഠയാണ്.
നാഗവല്ലിയായി ശോഭന തകർത്ത് അഭിനയിച്ചപ്പോൾ ഡോക്ടർ സണ്ണിയായി മോഹൻലാലും നകുലനായി സുരേഷ് ഗോപിയും ചിത്രത്തിലെത്തി. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിന്റെ സ്വീകാര്യത തെല്ലും നഷ്ടപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അത്രയധികം സിനിമാസ്വാദകരുടെ മനസിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്.
മലയാള സിനിമ ലോകത്ത് തീരാനഷ്ടമായ ഇന്നസെന്റ്, നെടുമുടി വേണു, കുതിരവട്ടം പപ്പു, കെപിഎഎസി ലളിത, തിലകൻ എന്നീ കലാപ്രതിഭകൾ ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ്.















