ചിലന്തിയെ പലർക്കും പേടിയാണ്. ആ പേടി അവയുടെ വലിപ്പം കൂടുന്തോറും കൂടി വരും. ചെറിയ പ്രാണികളും പല്ലികളുമൊക്കെ ചിലന്തിവലയിൽ കുടുങ്ങുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ എലിയെ തിന്നുന്ന ചിലന്തിയെ കണ്ടിട്ടുണ്ടോ! അങ്ങനെയൊരു ചിത്രമാണ് ഇപ്പോൾ ഇൻറർനെറ്റിനെ വിറപ്പിക്കുന്നത്. ഭീമാകാരമായ ചിലന്തിയുടെ വലയിൽ കുടുങ്ങിയ എലിയുടെ ചിത്രമാണിത്.
വുഡിഡൂയിംഗ് എന്ന ഉപയോക്താവാണ് അതിശയിപ്പിക്കുന്ന ഈ ചിത്രം ഇൻറർനെറ്റിൽ പങ്കുവെച്ചത്. ചിലന്തിയെ വലയിൽ നിന്നും എങ്ങനെ മാറ്റുമെന്നോർത്ത് ഭയപ്പെട്ടു നിന്ന തന്റെ അച്ഛനാണ് ഈ ചിത്രം അയച്ചു തന്നതെന്ന് വുഡിഡൂയിംഗ് പറഞ്ഞു.

വലയിൽ കുടുങ്ങി കിടക്കുന്ന എലിയുടെ അരികിൽ കറുത്ത ഭീമാകാരനായ ചിലന്തിയേയും കാണാം. ബ്ലാക്ക് വിഡോ ചിലന്തി എന്ന ഇവ വിഷമുള്ള ഒന്നാണ്. അതിന്റെ കടി വേദനാജനകമാണ്. എന്നിരുന്നാലും മനുഷ്യർക്ക് ഇത് വളരെ അപൂർവമായി മാത്രമേ മാരകമാകാറുള്ളൂ. ഇവയുടെ കടിയേറ്റാൽ പേശി വേദന, മലബന്ധം, വിയർപ്പ് എന്നീ ലക്ഷണങ്ങൾ കാണിക്കും.















